കരിമ്പക്കണ്ടി പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു
NewsKeralaLocal News

കരിമ്പക്കണ്ടി പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

പയ്യാവൂര്‍: കാത്തിരിപ്പിനു ശേഷം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കരിമ്പക്കണ്ടി പാലം ജനങ്ങള്‍ക്ക് തുറന്നു നല്‍കി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് സംയുക്തമായി നിര്‍മ്മിച്ച പയ്യാവൂര്‍ പഞ്ചായത്തിലെ കരിമ്പക്കണ്ടി പാലം.

കരിമ്പക്കണ്ടി പുഴയ്ക്ക് കുറുകെ 50 മീറ്റര്‍ നീളത്തിലും, 2.5 മീറ്റര്‍ വീതിയിലും, 6.5 മീറ്റര്‍ ഉയരത്തിലുമാണ് പാലം നിര്‍മ്മിച്ചത്. 66.62 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നടപ്പാതയാണെങ്കിലും അത്യാവശ്യഘട്ടത്തില്‍ ചെറിയ ആംബുലന്‍സിന് സഞ്ചരിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് പാലം നിര്‍മ്മിച്ചത്. പാലം നിര്‍മ്മാണം പൂര്‍ത്തിയായതോടെ പയ്യാവൂരില്‍ നിന്ന് കരിമ്പക്കണ്ടി ആദിവാസി കോളനിയിലേക്ക് ആറ് കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്ന കോളനി നിവാസികളുടെ ദീര്‍ഘകാലത്തെ ദുരിത യാത്രയ്ക്കാണ് വിരാമമായത്.

പരിപാടിയില്‍ അഡ്വ സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ മനോജ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്‍ട്ട് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം എന്‍.പി. ശ്രീധരന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.എസ്. ലിസി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് തുരുത്തേല്‍, പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീതി സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം ഇ.എന്‍ രൂപേഷ്, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, ഇരിക്കൂര്‍ ബ്ലോക്ക് ബിഡിഒആര്‍ അബു എന്നിവര്‍ പങ്കെടുത്തു.

Related Articles

Post Your Comments

Back to top button