CinemaNationalNews

തന്നെക്കുറിച്ചുള്ള കിംവദന്തികള്‍ കാരണം വിവാഹം കഴിക്കാനാവുന്നില്ല: കങ്കണ റണാവത്ത്

മുംബൈ: തന്നെക്കുറിച്ച് അനാവശ്യ കിംവദന്തികള്‍ പരക്കുന്നത് കാരണം വിവാഹം കഴിക്കാനാവില്ലെന്ന് കങ്കണ റണാവത്ത്. താന്‍ വഴക്കാളിയാണെന്നും ആളുകളുമായി നിരന്തരം വഴക്ക് കൂടുന്ന ആളാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ഥ് കണ്ണന് അനുവദിച്ച അഭിമുഖത്തിലാണ് ബോളിവുഡ് നടി തന്റെ അവസ്ഥ തുറന്ന് പറഞ്ഞത്.

അടുത്തുതന്നെ പുറത്തിറങ്ങുന്ന ധക്കാഡ് എന്ന സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ സിനിമയുമായി ബന്ധപ്പെട്ടാണ് കങ്കണയും സഹതാരം അര്‍ജുന്‍ രാംപാലും സിദ്ധാര്‍ഥ് കണ്ണന് അഭിമുഖം നല്‍കിയത്. ധക്കാഡില്‍ ഏജന്റ് അഗ്നി എന്ന സൂപ്പര്‍ സ്‌പൈ ആയാണ് കങ്കണ അഭിനയിക്കുന്നത്. ധക്കാഡിലെ കഥാപാത്രം പോലെത്തന്നെയാണോ യഥാര്‍ഥ ജീവിതത്തിലും കങ്കണ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് താരം ഉത്തരം നല്‍കിയത്.

‘യഥാര്‍ഥ ജീവിതത്തില്‍ ഞാന്‍ ആരെയാണ് തോല്‍പ്പിക്കേണ്ടത്?നിങ്ങളെപ്പോലെയുള്ളവര്‍ ഇത്തരം അഭ്യൂഹങ്ങള്‍ പരത്തുന്നത് കാരണം എനിക്ക് വിവാഹം കഴിക്കാനാവുന്നില്ല.’ കങ്കണ വളരെ തന്റേടിയാണെന്ന ധാരണ കാരണം വിവാഹം കഴിക്കാന്‍ കഴിയുന്നില്ലേ എന്ന സിദ്ധാര്‍ഥ് കണ്ണന്റെ ചോദ്യത്തിന് പകുതി തമാശയായാണ് താരം ഉത്തരം നല്‍കിയത്. ‘അതെ. ഞാന്‍ ആണ്‍കുട്ടികളെ തല്ലിച്ചതച്ചതായി ചിലര്‍ പറയുന്നുണ്ട്’- കങ്കണ പറഞ്ഞു.

അഭിമുഖത്തില്‍ കങ്കണയോടൊപ്പമുണ്ടായിരുന്ന അര്‍ജുന്‍ രാംപാല്‍ കങ്കണയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തരുതെന്ന് ആവശ്യപ്പെട്ടു. കങ്കണ വളരെ മികച്ച നടിയാണെന്നും വളരെ സ്‌നേഹമുള്ള വ്യക്തിയാണെന്നും അര്‍ജുന്‍ രാംപാല്‍ പറഞ്ഞു. കങ്കണയെയും അര്‍ജുനെയും കൂടാതെ ദിവ്യ ദത്തയും ധാക്കഡില്‍ അഭിനയിക്കുന്നു. രസ്നീഷ് ഘായ് സംവിധാനം ചെയ്ത ഈ ചിത്രം മെയ് 20ന് റിലീസ് ചെയ്യും. ഹിന്ദി സിനിമയിലെ ആദ്യത്തെ സ്ത്രീകള്‍ നയിക്കുന്ന സ്‌പൈ ത്രില്ലറാണ് ധക്കാഡ്.

Related Articles

Back to top button