കന്നഡ സിനിമ നടനും എഴുത്തുകാരനുമായ ടി.എസ്. ലോഹിതാശ്വ അന്തരിച്ചു
MovieNewsEntertainment

കന്നഡ സിനിമ നടനും എഴുത്തുകാരനുമായ ടി.എസ്. ലോഹിതാശ്വ അന്തരിച്ചു

ബംഗളൂരു: കന്നഡ നടനും എഴുത്തുകാരനുമായ ടി.എസ്. ലോഹിതാശ്വ അന്തരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു. 80 വയസായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ചൊവ്വാഴ്ചയായിരുന്നു അന്ത്യം. 500-ഓളം കന്നഡ സിനിമകളില്‍ അഭിനയിച്ച ഇദ്ദേഹം നാടകകൃത്തും കൂടിയാണ്. ‘എകെ 47’, ‘ദാദ’, ‘ദേവ’, ‘നീ ബരെദ’ ‘കാദംബരി’, ‘സംഗ്ലിയാന’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ലോഹിതാശ്വ. ഒട്ടേറെ നാടകങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്. ‘അന്തിം രാജ’, ‘ഗൃഹ ഭംഗ’, ‘മാല്‍ഗുഡി ഡെയ്സ്’, ‘നാട്യറാണി’ ‘ശന്താള’ എന്നിങ്ങനെ ജനപ്രിയ സീരിയലുകളിലും ലോഹിതാശ്വ വേഷമിട്ടു.

റിട്ട. ഇംഗ്ലീഷ് പ്രൊഫസര്‍ കൂടിയായ ലോഹിതാശ്വ നാടകവും കവിതാ സമാഹാരവും ഉള്‍പ്പെടെ നിരവധി കൃതികളും രചിച്ചിട്ടുണ്ട്. കര്‍ണാടക നാടക അക്കാദമി പുരസ്‌കാരം, കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങളും അദ്ദേഹം നേടി. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ മുഖ്യമന്ത്രി എച്ച.ഡി. കുമാരസ്വാമി തുടങ്ങിയ പ്രമുഖര്‍ ലോഹിതാശ്വയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു. കന്നഡ നടന്‍ ശരത് ലോഹിതാശ്വ ഇദ്ദേഹത്തിന്റെ മകനാണ്. ബംഗളൂരുവില്‍ കുമാരസ്വാമി ലേ ഔട്ടിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച രാവിലെ സ്വദേശമായ തുമകൂരു തൊണ്ടഗെരെയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് നടക്കും.

Related Articles

Post Your Comments

Back to top button