സംസ്ഥാന നിര്‍ദേശത്തോട് മുഖം തിരിച്ച് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ നേതൃത്വം
NewsKeralaLocal News

സംസ്ഥാന നിര്‍ദേശത്തോട് മുഖം തിരിച്ച് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ നേതൃത്വം

കണ്ണൂര്‍: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി ആഹ്വാനമനുസരിച്ചുള്ള പരിപാടികള്‍ പോലും നടത്താതെ മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ ഭാരവാഹികളായുള്ള സംഘടന നടത്തുന്ന സെമിനാറിനെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് വിമര്‍ശനമുയരുന്നു. ജില്ലാ സെക്രട്ടറിമാരായ കെ.പി. താഹിര്‍ ചെയര്‍മാനും എം.പി.എ റഹീം കണ്‍വീനറുമായ മുസ്ലിം സാംസ്‌കാരിക വേദിയാണ് ആഗസ്റ്റ് 15 ന് ഇന്ത്യന്‍ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികളെന്ന വിഷയത്തില്‍ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സെമിനാര്‍ നടത്തുന്നത്.

75 കേന്ദ്രങ്ങളില്‍ സംവാദവും സെമിനാറും സ്മൃതിയാത്രയുമൊക്കെ നടത്തണമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. എന്നാല്‍ മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ മലബാറിലെ കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍ എന്നിങ്ങനെ മൂന്നു മണ്ഡലങ്ങളില്‍ മാത്രമാണ് സ്മൃതി യാത്ര നടത്തുന്നത്. ബാക്കി എട്ടു മണ്ഡലങ്ങളിലും പരിപാടികളില്ല. ജില്ലാ കേന്ദ്രമായ കണ്ണൂരിലും യാതൊരു പരിപാടിയുമില്ല. പത്തു മണ്ഡലങ്ങളിലെങ്കിലും പരിപാടികള്‍ നടത്തിയാല്‍ മാത്രമേ 75 കേന്ദ്രങ്ങളിന്ന സംസ്ഥാന കമ്മിറ്റി നിര്‍ദേശം നടപ്പാവുകയുള്ളൂ.

മാത്രമല്ല, മുസ്ലിം സാംസ്‌കാരിക വേദിയുടെ സെമിനാറില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്നുമുണ്ട്. ഉദ്ഘാടനം ചെയ്യുന്നത് പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസാണ്. കുഴി വിവാദത്തില്‍ റിയാസുമായി ലീഗ് നേതൃത്വം നേര്‍ക്കുനേര്‍ കൊമ്പു കോര്‍ക്കുമ്പോഴാണ് ഇങ്ങനെയൊരു വേദി നല്‍കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ സെമിനാറില്‍ പങ്കെടുപ്പിക്കുന്നതും വിവാദമായിട്ടുണ്ട്. കെ.പി. താഹിറും എം.പി.എ. റഹീമും സിപിഎം നേതാക്കളുമായി അടുപ്പമുള്ളവരാണ്. കെ.വി. സുമേഷ് എംഎല്‍എ വഴി എം.പി.എ. റഹീം സിപിഎമ്മിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തിയെന്ന് വാര്‍ത്തയുണ്ടായിരുന്നു.

ആര്‍എസ്എസ് വേദിയില്‍ പ്രസംഗിച്ച് കുരുക്കിലായ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കെ.എന്‍.എ. ഖാദറും സിപിഐ സംസ്ഥാന സമിതിയംഗം സി.എന്‍. ചന്ദ്രനും കെപിസിസി മെമ്പര്‍ സതീശന്‍ പാച്ചേനിയും ഇതില്‍ പങ്കെടുക്കുന്നുണ്ട്. മുസ്ലിം ലീഗ് ജില്ലാതലത്തില്‍ യാതൊരു പരിപാടിയും നടത്താതെ മുസ്ലിം സാംസ്‌കാരിക വേദിയുടെ ബാനറില്‍ സെമിനാര്‍ നടത്തുന്നതും ഇത് വിജയിപ്പിക്കാന്‍ ലീഗ് നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയതുമൊക്കെയാണ് ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും ചോദ്യം ചെയ്യുന്നത്. സംസ്ഥാന കമ്മിറ്റി നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് മൂന്നു മണ്ഡലങ്ങളില്‍ മാത്രം പേരിന് സ്മൃതി യാത്ര നടത്തുന്നതും ജില്ലാ നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനമാകുന്നു.

Related Articles

Post Your Comments

Back to top button