
കണ്ണൂര്‍ : ചെറുപുഴയില്‍ മൂന്ന് കുട്ടികളെ കൊലപ്പെടുത്തി അമ്മയും പങ്കാളിയും ജീവനൊടുക്കിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുന്‍ ഭര്‍ത്താവിന്റെ പരാതിയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് ആത്മഹത്യയെന്ന വിവരമാണ് ലഭിക്കുന്നത്.
രണ്ടാഴ്ച മുന്‍പാണ് ആദ്യ ഭര്‍ത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും സുഹൃത്തും കുട്ടികള്‍ക്കൊപ്പം താമസിച്ചത്. ഈ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ സുനില്‍ ആവശ്യപ്പെട്ടതാണ് തര്‍ക്ക കാരണം. പ്രശ്‌നം പരിഹരിക്കാന്‍ രാവിലെ സ്റ്റേഷനില്‍ എത്താന്‍ മൂവര്‍ക്കും പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനില്‍ വിളിച്ച് ജീവനൊടുക്കുകയാണെന്ന് അറിയിച്ചു. പൊലീസ് ഉടന്‍ സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറെ കാലമായി മകള്‍ കുടുംബവുമായി അകല്‍ച്ചയിലായിരുന്നുവെന്നും മുന്‍ ഭര്‍ത്താവുമായി പിരിഞ്ഞത് അറിയില്ലെന്നുമാണ് ശ്രീജയുടെ പിതാവ് ബാലകൃഷ്ണന്‍ പറയുന്നത്.
Post Your Comments