കണ്ണൂര്‍ വിസി നിയമനം: മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി തയാറാവുന്നു
NewsKeralaPolitics

കണ്ണൂര്‍ വിസി നിയമനം: മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി തയാറാവുന്നു

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയതോടെ പുതിയ നിയമക്കുരുക്കുകള്‍ മുറുകുന്നു. കണ്ണൂര്‍ വൈസ് ചാന്‍സലറെ നിയമിക്കാന്‍ മുഖ്യമന്ത്രി രാജ് ഭവനിലെത്തി ആവശ്യപ്പെട്ടെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കി മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് അണിയറയില്‍ ഹര്‍ജി തയാറാവുകയാണ്.

ഡോ. ഗോപിനാഥ് രവീന്ദ്രനെ വിസിയായി പുനര്‍നിയമിക്കാന്‍ മുഖ്യമന്ത്രി നല്‍കിയ കത്തുകളും ഗവര്‍ണര്‍ പുറത്തുവിട്ടു. ഇത് തെളിവുകളായി അവലംബിച്ചാണ് ഒരു സംഘടന ഹര്‍ജിയുമായി തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഇപ്പോഴത്തെ പുതിയ ഭേദഗതി പ്രകാരം മുഖ്യമന്ത്രിയുടെ നിയമനാധികാരിയായ ഗവര്‍ണറാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കേണ്ടത്.

ഇതോടെ സര്‍ക്കാരുമായുള്ള ഉടക്കില്‍ ഗവര്‍ണര്‍ക്ക് പിടിമുറുക്കാനുള്ള അവസരം ഒരിക്കല്‍കൂടി വന്നുചേര്‍ന്നിരിക്കയാണ്. മുഖ്യമന്ത്രി രണ്ട് തവണ കത്ത് നല്‍കിയാല്‍ ഗവര്‍ണര്‍ക്ക് അക്കാര്യം നിഷേധിക്കാനാവില്ലെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വിസി പുനര്‍നിയമനക്കേസില്‍ ഗവര്‍ണറെ സാക്ഷിയാക്കാനുമാകില്ല.

ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയാല്‍ ആഭ്യന്തര വകുപ്പ് കൂടി കൈകവശം വച്ചിരിക്കുന്ന മുഖ്യമന്ത്രി ആ വകുപ്പ് ഒഴിയേണ്ടി വരും. അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വിജിലന്‍സിന്റെ അന്വേഷണം മുഖ്യമന്ത്രി നേരിടേണ്ടി വരും.

Related Articles

Post Your Comments

Back to top button