പൂഴ്ത്തിവെച്ച വിദ്വേഷ പ്രസംഗ കേസുകളില്‍ നടപടിയെടുത്ത് കര്‍ണാടക സര്‍ക്കാര്‍
NewsNationalPolitics

പൂഴ്ത്തിവെച്ച വിദ്വേഷ പ്രസംഗ കേസുകളില്‍ നടപടിയെടുത്ത് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കര്‍ണാടകയിലെ കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്ത് പരാതി നല്‍കിയിട്ടും നടപടിയില്ലാതിരുന്ന കേസുകള്‍ക്ക് കോണ്‍ഗ്രസ് അധികാരമേറ്റ ശേഷം ജീവന്‍ വെച്ചു. വിദ്വേഷ വിഡിയോ-ശബ്ദ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് ഹിന്ദു ജനജാഗ്രതി നേതാവ് ചന്ദ്രു മൊഗര്‍, ടിപ്പുവിനെ പോലെ സിദ്ധരാമയ്യയെയും തീര്‍ക്കണമെന്ന പ്രസ്താവനയില്‍ ബി.ജെ.പി എം.എല്‍.എയും മുന്‍ മന്ത്രിയുമായ ഡോ. അശ്വത് നാരായണ്‍, സിദ്ധരാമയ്യയുടെ കാലത്ത് 24 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടെന്ന പ്രസ്താവനയില്‍ ബി.ജെ.പി എം.എല്‍.എ ഹരീഷ് പൂഞ്ജ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ചന്ദ്രു മൊഗറിനും അശ്വത് നാരായണിനുമെതിരായ കേസുകളില്‍ പോലീസ് നടപടിയെടുക്കാതെ വൈകിപ്പിച്ചിരുന്നു. ഈ രണ്ട് കേസുകളിലും പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. കഴിഞ്ഞയാഴ്ച ദക്ഷിണ കന്നട ബെല്‍ത്തങ്ങാടിയില്‍ എം.എല്‍.എ ഹരീഷ് നടത്തിയ പ്രസ്താവനയിലും കേസെടുത്തു. സംസ്ഥാനത്ത് മതവിദ്വേഷ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലപാട്. ബി.ജെ.പി നേതാക്കള്‍ക്ക് തലച്ചോറും നാവുമായുള്ള ബന്ധം നഷ്ടമായിരിക്കുകയാണെന്നും എന്നാല്‍, പറഞ്ഞതില്‍നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി.

Related Articles

Post Your Comments

Back to top button