ബംഗളൂരു: കര്‍ണാടകത്തില്‍ ക്രോസ് വോട്ടിങിലൂടേയും രണ്ടാം മുന്‍ഗണനാ വോട്ടിലൂടേയും രാജ്യസഭാ സീറ്റ് പിടിക്കാന്‍ ബി. ജെ.പി.യും കോണ്‍ഗ്രസ്സും. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകത്തിലെ പ്രമുഖ പാര്‍ട്ടികളെല്ലാം ക്രോസ് വോട്ടിങിന്റെ ഭീതിയിലാണ്. ഭരണ കക്ഷിയായ ബി.ജെ.പി. എന്ത് വില കൊടുത്തും മൂന്ന് സീറ്റ് പിടിച്ചെടുക്കാന്‍ കൊണ്ടു പിടിച്ച ശ്രമമാണ് നടക്കുന്നത്. രണ്ട് സീറ്റ് അവര്‍ക്ക് ഉറപ്പാണ്. 122 എം. എല്‍. എ മാരുടെ പിന്തുണയാണ് ബി.ജെ.പി. അവകാശപ്പെടുന്നത്. ഒരു ബി. എസ്.പി. എം. എല്‍. എ യും ഒരു സ്വതന്ത്രനും ഉള്‍പ്പെടെയാണിത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും കോണ്‍ഗ്രസ്സ് നേതാവ് ജയറാം രമേഷുമാണ് മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.
രണ്ട് സീറ്റ് വിജയം ഉറപ്പായ ബി.ജെ.പിക്ക് 32 വോട്ട് മിച്ചം വരുന്ന അവസ്ഥയുണ്ട്. ഒരു സ്ഥാനാര്‍ത്ഥിക്ക് 45 എം. എല്‍. എ മാരുടെ വോട്ടുകളാണ് വേണ്ടത്. ഈ അവസ്ഥയില്‍ ബി.ജെ.പി.യുടെ മൂന്നാം സ്ഥാനാര്‍ത്ഥിയായ ലഹര്സിംഗ് സിറോക്കിന് വേണ്ടി മുന്‍ മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ തന്നെ കളത്തിലിറങ്ങിയിട്ടുണ്ട്. 32 എം. എല്‍. എ മാരുള്ള ജനതാദള്‍ എസിന് ഒരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ പോലും വോട്ടുകള്‍ മതിയാവില്ല. അവര്‍ കോണ്‍ഗ്രസ്സിന്റെ കരുണക്കു വേണ്ടി കാത്തിര്ക്കുകയാണ്. അതേ സമയം ജെ.ഡി.എസിനകത്ത് ഭിന്നതയുണ്ടാക്കി മൂന്നാം സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ബി.ജെ.പി.യും രണ്ടാം സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ്സും കൊണ്ടു പിടിച്ച ശ്രമം നടത്തുന്നുണ്ട്.
ജനതാദള്‍ എസിനകത്ത് ചില പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍ വിദേശ യാത്രയിലായിരുന്ന ജെ.ഡി. എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി ബംഗളൂരുവിലെത്തി എം. എല്‍. എ മാരെ താക്കീതു ചെയ്തു. 25 വോട്ടുകള്‍ മിച്ചം വരുന്ന കോണ്‍ഗ്രസ്സ് രണ്ടാം സ്ഥാനാര്‍ത്ഥിയായ മന്‍സൂര്‍ അലിഖാനെയാണ് നിര്‍ത്തിയിട്ടുള്ളത്. 20 വോട്ടുകള്‍ കൂടി മറിച്ചാല്‍ മാത്രമേ അലീഖാന് ജയിച്ചു കയറാനാവൂ. അതേ സമയം ജനതാദള്‍ എസ് സമ്മര്‍ദ്ദ തന്ത്രം തുടരുന്നുണ്ട്. ബി.ജെ.പി.യെ രണ്ട് സീറ്റിലൊതുക്കി ഒരു സീറ്റില്‍ ജനതാദള്‍ എസിന് ജയിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന ചര്‍ച്ചയും പുരോഗമിക്കുന്നുണ്ട്.
ജെ.ഡി. എസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ഭുപേന്ദ്ര റെഡ്ഡിയാണ്. ഈ മാസം 10 ാം തീയ്യതിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. നിലവില്‍ ആറ് സ്ഥാനാര്‍ത്ഥികളാണ് രാജ്യസഭാ സീറ്റുകളില്‍ മത്സരിക്കുന്നത്. നാല് സീറ്റുകളാണ് കര്‍ണാടകത്തില്‍ ഒഴിവുള്ളത്. കൂറുമാറ്റവും കുതികാല് വെട്ടും നടന്നില്ലെങ്കില്‍ ബി.ജെ.പി. രണ്ട്, കോണ്‍ഗ്രസ്സ് ഒന്ന്, ജനതാദള്‍ എസ് ഒന്ന്, എന്ന നില പാലിക്കാനാണ് സാധ്യത. എന്നാല്‍ കോണ്‍ഗ്രസ്സും ജനതാദള്‍ എസും തമ്മിലുള്ള ചര്‍ച്ചയെ ആശ്രയിച്ചിരിക്കും കര്‍ണാടകത്തിലെ രാജ്യസഭാ സീറ്റ് നില.
Post Your Comments