
തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് പ്രധാന പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവ്. ബാങ്കിന്റെ മുൻ സെക്രട്ടറി ടിആർ സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം, അക്കൗണ്ടന്റ് സികെ ജിൽസ്, കമ്മീഷൻ ഏജന്റ് എകെ ബിജോയ്, സൂപ്പർ മാർക്കറ്റ് കാഷ്യർ റജി കെ അനിൽ എന്നിവർക്കെതിരേയാണ് നടപടി.
ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നൽകിയ അപേക്ഷയിലാണ് മുഖ്യപ്രതികളുടെ 58 ആർ സി നമ്പരുകളിലുള്ള ഭൂമി കണ്ടുകെട്ടാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടത്. ബാങ്കിൽ തട്ടിപ്പ് നടന്ന 2011 മുതൽ 2021 വരെയുള്ള കാലത്ത് സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക. അതിൽ ബിജോയി പീരുമേട്ടിൽ ഹോട്ടലിനായി വാങ്ങിയ ഒമ്പതേക്കറും ഉൾപെടും. തിരിമറി നടത്തി സമ്പാദിച്ച പണം കൊണ്ട് പ്രതികൾ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും വാങ്ങിക്കൂട്ടിയ വാഹനങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ 60 കോടിയുടെ വസ്തുവകകളുണ്ട്. ഭൂമിയും കെട്ടിടങ്ങൾ ഉൾപ്പെടെ 20 വസ്തുവകകൾ, ഇന്നോവ, ഓഡി കാറുകൾ, റെയ്ഡ് നടത്തിയപ്പോൾ വീട്ടിൽ നിന്ന് കണ്ടെടുത്ത 3.40 ലക്ഷം രൂപ, 2.08 ലക്ഷത്തിന്റെ വിദേശ കറൻസി, ബിജോയുടെയും സ്ഥാപനങ്ങളുടെയും പേരിലുണ്ടായിരുന്ന 57 ബാങ്ക് അക്കൗണ്ടുകൾ, 35.87 ലക്ഷം രൂപ ഇവയാണ് കണ്ടുകെട്ടുന്നത്.
Post Your Comments