Kerala NewsLatest NewsNews

അയ്യായിരം കോടി വായ്പയെടുക്കാന്‍ കേരളത്തിന് കേന്ദ്രാനുമതി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കേരളത്തിന് അയ്യായിരം കോടി പൊതുവിപണിയില്‍ നിന്ന് വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. അഡ്‌ഹോക് ബോറോയിംഗ് എന്ന ഈ മാര്‍ഗത്തിലൂടെ എടുക്കുന്ന വായ്പ പിന്നീട് ധനമന്ത്രാലയം വായ്പ പരിധി നിശ്ചയിക്കുമ്പോള്‍ അതില്‍ നിന്ന് കുറവ് ചെയ്യും. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയുടെ പരിധി ഇതുവരെ നിശ്ചയിച്ച് നല്‍കിയിട്ടില്ല.

കിഫ്ബിയുടേതടക്കം സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്ന എല്ലാ വായ്പകളും സംസ്ഥാനത്തിന്റെ ബാധ്യതയായി കണക്കാക്കുമെന്ന കേന്ദ്രനിലപാടില്‍ ഇതുവരെ മാറ്റം വന്നിട്ടില്ല്. സാമ്പത്തിക വര്‍ഷം തുടങ്ങി രണ്ട് മാസമായിട്ടും കേന്ദ്രം ഇതുവരെ കേരളത്തിന് വായ്പാനുമതി നല്‍കിയിരുന്നില്ല. മൂന്ന് ഘട്ടമായി നാലായിരം കോടി രൂപയാണ് കേരളം വായ്പയായി ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ മുന്‍കാല വായ്പകളുടെ കണക്ക് ചോദിച്ച കേന്ദ്രസര്‍ക്കാരിന് അത് നല്‍കിയതില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നു. അത് പരിഹരിച്ചാല്‍ മാത്രമേ ഇനി വായ്പ ലഭിക്കുകയുള്ളൂ. പക്ഷേ താത്കാലിക ആശ്വാസമായി കേരളത്തിന് അയ്യായിരം കോടി അഡ്‌ഹോക് ബോറോയിംഗിന് കേന്ദ്രം അനുമതി നല്‍കുകയാണുണ്ടായത്. നേരത്തെ തെലുങ്കാനയ്ക്കും കേന്ദ്രം അഡ്‌ഹോക് ബോറോയിംഗിന് അനുമതി നല്‍കിയിരുന്നു.

Related Articles

Back to top button