

യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഉള്ള നയതന്ത്ര ബാഗ് ഉപയോഗപ്പെടുത്തി നടത്തിയ കേരളത്തിലെ വിവാദമായ സ്വര്‍ണ്ണ കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കും. ഇതിനുള്ള അനുമതി ആഭ്യന്തര മന്ത്രാലയം നൽകി. സംഘടിത കള്ളക്കടത്ത് ദേശസുരക്ഷയ്ക്ക് പ്രത്യാഘാതം ഉണ്ടാക്കിയേക്കാം എന്ന നിരീക്ഷണത്തെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എ അന്വേഷിക്കാൻ നിർദേശിക്കുന്നത്.

സംഭവുമായി ബന്ധപെട്ടു കസ്റ്റംസ് നടത്തി വന്ന അന്വേഷണത്തിൽ ലഭിച്ച ചില സൂചനകളുടെയും, തെളിവുകളുടെയും, അടിസ്ഥാനത്തിൽ സ്വർണ്ണ കടത്തിൽ കണ്ണികളായ കോൺസുലേറ്റിലെ ഒരു പ്രധാന ഉദ്യോഗസ്ഥൻ, ഫൈസൽ ഫരീദ്, സ്വപ്ന സുരേഷ്, കോൺസുലേറ്റിൽ മുൻ പി ആർ ഒ സരിത്ത്, സന്ദീപ് നായർ, സ്വർണ്ണ വ്യാപാരിയായ നിസാർ, എന്നിവരിലേക്കുള്ള അന്വേഷണത്തിൽ ചില സുപ്രധാന വിവരങ്ങൾ കിട്ടിയതായി കസ്റ്റംസ് കേന്ദ്രത്തെ അറിയിച്ചിരുന്നു. റെയ്ഡുകൾക്ക് ഉൾപ്പടെ കേരള പോലീസിന്റെ ഒരു സഹായവും കസ്റ്റംസ് ഇതുവരെ തേടിയിട്ടില്ല. ആവശ്യപ്പെട്ട സിസി ടി വി ദൃശ്യങ്ങൾ പോലും കസ്റ്റംസ് ആവശ്യപെട്ടിരുന്നില്ല എന്നുവരെ സംസ്ഥാന ഡി ജി പി ആദ്യം പറയുകയുണ്ടായി.കേരള പോലീസിന്റെ സഹായം തേടാതെ അന്വേഷണം മുന്നോട്ടു കൊണ്ട് പോയ കസ്റ്റംസിന് കേരള പൊലീസിലെ രണ്ടു ഉന്നതർക്ക് കള്ളക്കടത്തിൽ പ്രധാന കണ്ണികളുമായുള്ള അടുപ്പം അറിയാനായി.

സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ പ്രത്യേക താല്പര്യമെടുത്ത് സ്വപ്ന സുരേഷിനു ഐ ടി വകുപ്പിൽ ഉയർന്ന തസ്തികയിൽ ജോലി നൽകിയതും, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വപനയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നതും, രാജ്യ സുരക്ഷയുടെ ഭാഗമായി എൻ ഐ എ യുടെ അന്വേഷണ പരിധിക്കുള്ളിൽ വരും.

അതെ സമയം കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ശബ്ദ വിശദീകരണവുമായി വ്യാഴാഴ്ച രംഗത്തുവന്നു. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ഒരു തിരിമറിയും നടത്തിയിട്ടില്ലെന്നും മാറി നില്ക്കുന്നത് ഭയം കൊണ്ടാണെന്നും സ്വപ്ന വെളിപ്പെടുത്തി. തിരുവനന്തപുരം സ്വർണക്കടത്ത് കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഒളിവിൽ കഴിയുന്ന സ്വപ്നയുടെ ഓഡിയോ നിരപരാധിത്തം വിശദീകരിച്ചു കൊണ്ട് പുറത്തു വന്നിരിക്കുന്നത്. കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മറ്റൊരു പ്രധാനി സന്ദീപ് നായര്‍ ഒളിവിലാണ്. സന്ദീപിന് വേണ്ടിയും കസ്റ്റംസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

വിമാനത്താവളത്തിലെ നയതന്ത്ര വഴിയിലൂടെ സ്വര്‍ണക്കടത്ത് നടത്തുക എന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ ബാധിക്കുന്ന, രാജ്യരക്ഷയ്ക്ക് ദോഷമായി ഭവിക്കുന്ന കള്ളക്കടത്തിലെ പ്രതികളെന്ന് ഇതിനകം ആരോപിക്കപ്പെട്ടവരിൽ ഒരാൾ മാത്രമാണ് ഇതുവരെ കസ്റ്റഡിയിലായിട്ടുള്ളത്. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത സരിത്ത്, സ്വപ്‍ന സുരേഷുമായി ബന്ധപ്പെട്ട് ഉള്ള വിവരങ്ങളും, സന്ദീപ് നായർ, കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ, ഫൈസൽ ഫരീദ്, എന്നിവരുമായുള്ള ബന്ധങ്ങളും, സ്വപ്‍ന സുരേഷ് ഔദ്യോഗിക സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതിനെ കുറിച്ചുമൊക്കെ കസ്റ്റംസിനോട് തുറന്നു പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമാണ് രാജ്യം ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നത്. കള്ളക്കടത്തിലെ മുഖ്യ കണ്ണിയായ സ്ത്രീയുമായി ബന്ധപ്പെട്ട് തന്റെ സെക്രട്ടറി ശിവശങ്കരനെതിരെ ഉയര്‍ന്ന ആരോപണവും പിണറായി വിജയന്‍ പുച്ഛത്തോടെ ആദ്യം തള്ളിയെങ്കിലും, ഒടുവില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ആദ്യവും പിന്നീട് ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ നീക്കുകയായിരുന്നു.
Post Your Comments