Kerala NewsLatest NewsLaw,NationalNews

സുപ്രീംകോടതിയില്‍ വീണ്ടും തിരിച്ചടി നേരിട്ട് കേരളം

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ വീണ്ടും നാണംകെട്ട് കേരളം. നിസാര കാര്യങ്ങള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കുന്ന സര്‍ക്കാരിന്റെ നടപടികളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് ഹര്‍ജികളുമായി വരാതെ പോയി സ്‌കൂളും റോഡും അടിസ്ഥാന സൗകര്യങ്ങളും നിര്‍മിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്കിന് സീനിയോറിറ്റി അനുവദിച്ച വിഷയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. താമരശേരി ജില്ല വിദ്യാഭ്യാസ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എന്‍.എസ്. സുബീറിന് സീനിയോറിറ്റി അനുവദിച്ചത് സംബന്ധിച്ചായിരുന്നു ഹര്‍ജി.

എല്‍ഡി ക്ലര്‍ക്കായി കയറിയ സുബീറിന്റെ സീനിയോറിറ്റി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതിയും ശരിവച്ചതിനെതിരായി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇത് സുപ്രീംകോടതി ഇടപെടേണ്ട വിഷയമാണോ എന്നാണ് സര്‍ക്കാരിനോട് ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്. ഒരു അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്കിന് സീനിയോറിറ്റി കിട്ടി. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വന്നിരിക്കുന്നു.

കുറച്ചുകൂടി നല്ല കാര്യങ്ങള്‍ എന്തെങ്കിലും ചെയ്തുകൂടേയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. സ്ഥാനക്കയറ്റ സമയത്ത് ഉദ്യോഗസ്ഥന്‍ വേതനമില്ലാത്ത അവധിയിലായിരുന്നു. ജോലിയില്‍ തിരികെ പ്രവേശിച്ച സമയം മുതല്‍ സീനിയോറിറ്റി ആക്കുകയായിരുന്നു. വേതനമില്ലാത്ത അവധി സമയം സര്‍വീസ് ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു.

എന്നാല്‍ അദ്ദേഹം ജോലിക്ക് ഹാജരാകാതിരുന്നതല്ല. അവധിയിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആയതുകൊണ്ട് കാര്യങ്ങള്‍ ഇങ്ങനെയാകില്ലെന്നും കോടതി വ്യക്തമാക്കി. തങ്ങള്‍ നിയമക്കോടതി മാത്രമല്ല നീതിന്യായക്കോടതി കൂടിയാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഹര്‍ജി തള്ളുകയും ചെയ്തു.

Related Articles

Back to top button