സത്യസന്ധമായ ചരിത്രരചന മനുഷ്യനെ നവീകരിക്കുന്നത്: മധുപാൽ
KeralaNewsLocal News

സത്യസന്ധമായ ചരിത്രരചന മനുഷ്യനെ നവീകരിക്കുന്നത്: മധുപാൽ

കേരള രാഷ്ട്രീയ ചരിത്രം- അകവും പുറവും പുസ്തകം പ്രകാശനം ചെയ്തു

കണ്ണൂര്‍: പ്രശസ്ത പ്രൊഫഷണല്‍ വിദ്യാഭ്യാസ വിചിക്ഷണന്‍ രാഹുല്‍ ചക്രപാണി എഴുതിയ കേരള രാഷ്ട്രീയ ചരിത്രം- അകവും പുറവും എന്ന പുസ്തകം പ്രകാശനം ചെയ്തു. സിനിമനടനും സംവിധായകനും കേരള സ്റ്റേറ്റ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂരിന് പുസ്തകം കൈമാറി.

ചരിത്രം എപ്പോഴും സാധാരണക്കാരന്റേതു കൂടിയാണ്. ശാസ്ത്രം പഠിക്കുന്ന അതേ ആവേശത്തോടു കൂടി തന്നെ ചരിത്രത്തെയും അന്വേഷിച്ചു പോകണമെന്ന് മധുപാല്‍ പറഞ്ഞു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും വളരെ പെട്ടെന്ന് ഇല്ലാതാകുന്ന ഒരു സന്ദര്‍ഭം നമുക്കു ചുറ്റുമുണ്ട്. ഇല്ലാത്തത് പറഞ്ഞു കൊണ്ട് അത് ഏറ്റവും വലിയ കാര്യമാക്കി മാറ്റാനുള്ള ശ്രമം എവിടെയും കാണാം. ചരിത്രം തീര്‍ച്ചയായും അറിയേണ്ടതു തന്നെയാണ്. അറിയേണ്ട ചരിത്രം രാഹുല്‍ ചക്രപാണി എഴുതുമ്പോള്‍ അത് നമ്മെ നവീകരിക്കുന്ന ഒന്നായി മാറുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ വിശിഷ്ടാതിഥിയായി. ചരിത്രത്തെ മറച്ചു പിടിക്കാന്‍ വര്‍ഗ്ഗീയ വാദികളും മതഭ്രാന്തന്മാരും ഗീബല്‍സിയന്‍ തന്ത്രം പ്രയോഗിക്കുന്ന കാലഘട്ടമാണിത്. നവ മാധ്യമങ്ങളെ അവര്‍ ആപത്കരമായി അവര്‍ ഉപയോഗിക്കുന്നു. ചരിത്രം ആളുകള്‍ മറക്കുന്ന കാലത്ത് ചരിത്രം തലയ്ക്ക് മുകളിലൂടെ ഒഴിച്ചു കൊണ്ടേയിരിക്കുകയാണ് രാഹുല്‍ ചക്രപാണി തന്റെ രചനയിലൂടെയെന്ന് പി. സുരേന്ദ്രന്‍ പറഞ്ഞു.

ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞന്‍ വര്‍ഗീയതയുടെ പിറകേ പോകുന്നത് ചരിത്രം പഠിക്കാത്തതു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തിന്റെ നിര്‍മ്മിതികളെ വികൃതമാക്കുന്ന രൗദ്രഭാവങ്ങള്‍ അവിടെയും ഇവിടെയും കാണുകയും നിഷേധിക്കാന്‍ കഴിയാത്ത വസ്തുതകള്‍ നിഷേധിച്ച് യുവതലമുറയെ ഭ്രാന്തമാക്കുന്ന കാലത്ത് സത്യസന്ധമായ ചരിത്രരചനകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അഭിപ്രായപ്പെട്ടു.


നിരവധി എഴുത്തുകാരെ മലയാളത്തിന് സമ്മാനിച്ച കൈരളി ബുക്സിലൂടെ ഒരു എഴുത്തുകാരന്‍ കൂടി കടന്നു വരുമ്പോള്‍ കണ്ണൂരിന് അത് അഭിമാന മുഹൂര്‍ത്തമാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ ശേഷം സുരേഷ് ബാബു എളയാവൂര്‍ പറഞ്ഞു. തത്വമസിയിലൂടെ ലോകത്തിനു മുന്നില്‍ ഒരു പുതിയ ജീവനകല പ്രകാശിപ്പിച്ച സുകുമാര്‍ അഴീക്കോടിന്റെ നിരയിലേക്ക് കണ്ണൂരില്‍ നിന്ന് രാഹുല്‍ ചക്രപാണി കണ്ണി ചേര്‍ക്കപ്പെടുന്നു എന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രം നിരന്തരമായി വെട്ടിത്തിരുത്തി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ സാധാരണക്കാരന്‍ അറിയേണ്ട സത്യസന്ധമായ ചരിത്രരചനയുമായി രാഹുല്‍ ചക്രപാണി കടന്നു വരുമ്പോള്‍ അതിന് ഏറെ പ്രാധാന്യമുണ്ടെന്ന് ആകാശവാണി മുന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു.

ചരിത്രത്തെ പറ്റി ഒരുധാരണയില്ലാത്ത തലമുറയാണ് പുതിയ കാലഘട്ടത്തിന്റേത്. അത് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇത്തരത്തില്‍ കേരള രാഷ്ട്രീയ ചരിത്രം അകവും പുറവും എന്ന പുസ്തകം എഴുതാന്‍ പ്രേരണയായതെന്ന് ഗ്രന്ഥകര്‍ത്താവ് രാഹുല്‍ ചക്രപാണി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നാം അറിയുന്നവരും അറിയാത്തവരുമായി കേരളം ഇന്നീ നിലയില്‍ എത്താന്‍ പ്രയത്നിച്ച ഒരുപാട് മഹാരധന്‍മാരുണ്ട്. അവരെയൊക്കെ അറിയാനും പല സംഭവങ്ങളെ പറ്റി പഠിക്കാനും സാധിക്കുന്ന ഒരു പുസ്തകമാണിത്. കൂടാതെ സ്‌കൂള്‍ തലങ്ങളില്‍ ഒരുപാട് മാറ്റം വരേണ്ടതായിട്ടുണ്ട്. ഭാവി ഇന്ത്യയെ വാര്‍ത്തെടുക്കേണ്ടത് വിദ്യാഭ്യമേഖലയില്‍ നിന്നുമാണ്. ചരിത്രം വളച്ചൊടിക്കുകയും മാറ്റിയെഴുതുകയും ചെയ്യുന്ന ഈ കാലത്ത് നമ്മുടെ യുവതലമുറ വളരേണ്ടത് യഥാര്‍ത്ഥ ചരിത്രമറിഞ്ഞുകൊണ്ടായിരിക്കണം ആ ബോധ്യത്തോടു കൂടിയുമാണ് ഈ പുസ്തകം എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഗ്രാമശ്രീ മഹിളാമിഷന്‍ ചെയര്‍പേഴ്‌സണ്‍ സിന്ധു ചക്രപാണി, മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി സിഇഒ സണ്ണി എബ്രഹാം, മെഡിസിറ്റി അഡ്മിനിസ്‌ട്രേറ്റര്‍ സിമി ആല്‍ഡ്യൂസ് ജോസി, റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് സിഇഒ രാജേഷ് പ്രഭു, മെഡിസിറ്റി ഇന്റര്‍നാഷണല്‍ അക്കാഡമി പ്രിന്‍സിപ്പല്‍ സംഗീത ഗോപി, റോയല്‍ ട്രാവന്‍കൂര്‍ ഫെഡറേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് കുര്യന്‍, റോയല്‍ ട്രാവന്‍കൂര്‍ എഫ്പിസി ജനറല്‍ മാനേജര്‍ സി.കെ. റംനാസ്ബി, മലബാര്‍ മള്‍ട്ടിസ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഏരിയ മാനേജര്‍ ടി.ടി. ജയകുമാര്‍, റോയല്‍ ട്രാവന്‍കൂര്‍ എഫ്പിസി റീജിയണല്‍ മാനേജര്‍ ദീപുമോന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.കൈരളി ബുക്‌സ് എഡിറ്റര്‍ സുകുമാരന്‍ പെരിയച്ചൂര്‍ സ്വാഗതവും വിന്‍വിന്‍ കോര്‍പ് മാനേജിംഗ് പാര്‍ട്ണര്‍ ടി. മിലേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles

Post Your Comments

Back to top button