കേരളത്തിലെ ആദ്യ സിഖ് ഗുരുദ്വാര തിരുവനന്തപുരത്ത് ഒരുങ്ങുന്നു
NewsKerala

കേരളത്തിലെ ആദ്യ സിഖ് ഗുരുദ്വാര തിരുവനന്തപുരത്ത് ഒരുങ്ങുന്നു

തിരുവനന്തപുരം: കേരളത്തിലെ ആദ്യ സിഖ് ഗുരുദ്വാര തിരുവനന്തപുരത്ത് ഒരുങ്ങുന്നു. തിരുവനന്തപുരം കിള്ളിപ്പാലത്താണ് ഗുരുനാനക് ദര്‍ബാര്‍ ഗുരുദ്വാര ഉയരുന്നത്. 4,295 ചതുരശ്രഅടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന മികച്ച സൗകര്യങ്ങളോടുകൂടിയ ഗുരുദ്വാര വിനോദസഞ്ചാരിളേയും ലക്ഷ്യമിടുന്നുണ്ട്. ഒരു കോടി രൂപയാണ് ഗുരുദ്വാരയുടെ പ്രാരംഭഘട്ട നിര്‍മാണ ചെലവ്.

ഗുരുദ്വാര നിര്‍മാണത്തിനായി 30 വര്‍ഷത്തേക്ക് സ്ഥലം പാട്ടത്തിന് നല്‍കാന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. ഇപ്പോള്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി ഗുരുദ്വാരയുടെ നിര്‍മാണം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ആദ്യം തിരുമലയിലാണ് സ്ഥലം അനുവദിച്ചിരുന്നതെങ്കിലും പിന്നീട് കിള്ളിപ്പാലത്തെ 25 സെന്റ് സ്ഥലം പാട്ടത്തിന് നല്‍കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിലെ 25ഓളം സിഖ് കുടുംബങ്ങള്‍ക്ക് ഒത്തുകൂടാനും പ്രാര്‍ഥിക്കാനും ഗുരുദ്വാര വേണമെന്ന നിരന്തരമായ ആവശ്യം പരിഗണിച്ചാണ് തീരുമാനം. നിര്‍മ്മാണത്തിനായി സിഖ് കുടുംബങ്ങള്‍ ചേര്‍ന്ന് ഗുരുനാനക് ദര്‍ബാര്‍ അസോസിയേഷന്‍ എന്ന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ ബംഗ്ലാ സാഹിബ് ഗുരുദ്വാരയ്ക്ക് സമാനമായ മാതൃക നിലനിര്‍ത്തിക്കൊണ്ട് കേരളത്തിലെ ഡിസൈന്‍ രീതികളും ഗുരുദ്വാരയില്‍ അവലംബിക്കും. നിലവില്‍ ലഭിച്ച സ്ഥലം ലെവല്‍ ചെയ്ത ശേഷമേ അവിടെ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഗുരുദ്വാര നിര്‍മാണത്തിന് പിന്‍തുണതേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഘാനെ അസോസിയേഷന്‍ സമീപിച്ചിരുന്നു. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ലഭ്യമാകുന്ന സഹായം കൂടി ചേര്‍ത്ത് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നത്

Related Articles

Post Your Comments

Back to top button