
ചണ്ഡീഗഡ്: ഖാലിസ്ഥാനി ഭീകരനും വാരിസ് പഞ്ചാബ് ദെ അദ്ധ്യക്ഷനുമായ അമൃത്പാല്‍ സിംഗിനെ പിടികൂടി പഞ്ചാബ് പോലീസ്. ഝലന്ദറില്‍വച്ചായിരുന്നു സംഭവം. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പോലീസ് സംസ്ഥാനമൊട്ടാകെ അമൃത്പാലിനായി വ്യാപക തിരച്ചില്‍ തുടരുകയായിരുന്നു. ഏഴ് ജില്ലകളിലായിരുന്നു പോലീസ് അമൃത്പാലിനായി വലവിരിച്ചിരുന്നത്. ഇതിനിടെ ഝലന്ദറിലെ മെഹത്പുര്‍ ഗ്രാമത്തില്‍വച്ച് ഇയാളുടെ വാഹനം പോലീസ് സംഘം വളയുകയായിരുന്നു. ഇതിന് പിന്നാലെ കസ്റ്റഡിയില്‍ എടുത്തു. അതീവ സുരക്ഷയിലാണ് അമൃത്പാല്‍ സിംഗിനെ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ മോഗ ജില്ലയില്‍ നിന്നും അമൃത്പാലിന്റെ ആറ് അനുയായികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത് എന്നാണ് സൂചന.
അതേസമയം ഇയാള്‍ പിടിയിലായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താല്‍ക്കാലിരമായി വിലക്ക് ഏര്‍പ്പെടുത്തി. നാളെ ഉച്ചവരെയാണ് മുന്‍കരുതല്‍ നടപടിയെന്നോണം സേവനങ്ങള്‍ നിര്‍ത്തിവച്ചത്. അറസ്റ്റിന്റെ പേരിലുള്ള വ്യാജ പ്രചാരണങ്ങള്‍ തടയുന്നതിനും അത് വഴി ആളുകള്‍ സംഘടിക്കുന്നത് പ്രതിരോധിക്കുന്നതിനുമാണ് നടപടി. അമൃത്പാല്‍ സിംഗ് പിടിയിലായതിന് പിന്നാലെ ഏവരും ശാന്തരായി ഇരിക്കണമെന്ന് പോലീസ് അറിയിച്ചു.

Post Your Comments