ലോകത്ത് ആറര ലക്ഷത്തിലേറെ പേർക്ക് കൂടി കൊവിഡ്

ന്യൂയോർക്ക് / ലോകത്ത് ആറര ലക്ഷത്തിലേറെ പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വേൾഡോമീറ്ററിന്റ കണക്കുപ്രകാരം ആകെ രോഗബാധിതരുടെ എണ്ണം എട്ട് കോടി അറുപത്തിയെട്ട് ലക്ഷം കവിഞ്ഞു. 18,74,307 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി പതിനഞ്ച് ലക്ഷം കടന്നിട്ടുണ്ട്. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ.
രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന അമേരിക്കയിൽ രണ്ട് കോടി പതിനഞ്ച് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ ആണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ 3.65 ലക്ഷം കവിഞ്ഞു.. ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേർ ഇതിനകം രോഗ മുക്തരായി. ബ്രസീലിൽ എഴുപത്തിയെട്ട് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,97,777 പേർ മരിച്ചു. അറുപത്തിയൊമ്പത് ലക്ഷം പേർ സുഖം പ്രാപിച്ചു. റഷ്യയിൽ മുപ്പത്തിരണ്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. കൊവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത ബ്രിട്ടനിൽ രോഗവ്യാപനം രൂക്ഷമാകുകയാണ്. പ്രതിദിനം അമ്പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ ഇരുപത്തേഴ് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 76,305 ആയി.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,03,75,478 ആയി. നിലവിൽ 2,24,557 പേരാണ് ചികിത്സയിലുള്ളത്. 1,50,151 പേർ മരിച്ചു. തൊണ്ണൂറ്റിയൊമ്പത് ലക്ഷം പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 96.32 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്.