കാലടി സര്‍വകലാശാലയിൽ കോവിഡ് കാലപിരിച്ചുവിടല്‍

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ കോവിഡ് മഹാമാരിയുടെ കാലത്ത് പിരിച്ചുവിടപ്പെട്ട 175 തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും, ദുരിതത്തിലായ അധ്യാപകര്‍ക്ക് അടിയന്തിര ധനസഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് കരാര്‍ അധ്യാപകരുടെ സംഘടന മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, ധനമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഒൻപത് പ്രാദേശിക കേന്ദ്രങ്ങളില്‍ ജോലിചെയ്തിരുന്ന 254 കരാര്‍ അധ്യാപകരെ സംസ്കൃത സർവ്വകലാശാല പിരിച്ചുവിട്ടത് 2020 ഏപ്രിൽ 30നാണ്. കോവിഡിന്റെ സാഹചര്യത്തില്‍ കരാര്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ അട്ടിമറിച്ചു കൊണ്ടാണ് സര്‍വകലാശാല ഇത്തരമൊരു നിലപാടെടുത്തത്. ഈ പിരിച്ചുവിടലിനെതിരെ അധ്യാപകര്‍ ഉയര്‍ത്തിയ പരാതികളെയും അഭ്യര്‍ത്ഥനകളെയും തരിമ്പും കണക്കിലെടുക്കാന്‍ അധികാരികള്‍ തയ്യാറായില്ല. പിരിച്ചുവിടലിനെതിരെ സ്ഥിരം അധ്യാപകരുടെ സംഘടനയടക്കം ഉന്നയിച്ച ആവശ്യത്തെ നിരാകരിച്ചുകൊണ്ടാണ് സര്‍വകലാശാല തീര്‍ത്തും ഏകപക്ഷീയമായ ഈ നിലപാടെടുത്തത്.
പ്രതിഷേധം ശക്തമായപ്പോള്‍ പിരിച്ചുവിടപ്പെട്ട 254 പേരിൽ 75 പേരെ മൂന്നു മാസങ്ങള്‍ക്കു ശേഷം സർവ്വകലാശാല തുടരാൻ അനുവദിക്കുകയുണ്ടായി. ശേഷിക്കുന്ന 175 പേരുടെയും കുടുംബം നാലുമാസത്തിലധിമായി ദുരിതത്തിലാണ്. കോവിഡ് പടരുന്ന ഈ പ്രതിസന്ധി കാലഘട്ടത്തിൽ മറ്റൊരു തൊഴിലുടമയെ സമീപിക്കാൻ വഴിയില്ലാതെ ഗതികെട്ടിരിക്കുകയാണ് പിരിച്ചുവിടപ്പെട്ട 175 പേര്‍. ബിഎ, എംഎ കോഴ്സുകളുടെ അഡ്മിഷൻ തുടങ്ങാത്ത സാഹചര്യത്താലാണ് ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ വൈകുന്നത് എന്നാണ് സർവ്വകലാശാല നൽകുന്ന വിശദീകരണം. എന്നാല്‍, സര്‍ക്കാരിന്റെ കോവിഡ്കാല ഉത്തരവിനെ മാനിച്ച് കരാര്‍ അധ്യാപകരെ പിരിച്ചുവിടാതിരിക്കാന്‍ കേരളത്തിലെ മറ്റെല്ലാ സര്‍വകലാശാലകളും തയ്യാറായപ്പോള്‍ കാലടി സര്‍വകലാശാല മാത്രമാണ് ഇത്രയും തൊഴിലാളി വിരുദ്ധമായ നടപടിയിലേക്ക് കടന്നതെന്ന വസ്തുത നിലനില്‍ക്കുന്നു.