CrimeHealthKerala NewsLatest NewsNews

കോഴിക്കോട് മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി സ്ത്രീയെ മര്‍ദിച്ചതായി പരാതി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ എത്തിയ സ്ത്രീയെ സുരക്ഷ ജീവനക്കാരന്‍ മര്‍ദിച്ചതായി പരാതി. വയനാട് സ്വദേശി സക്കീനയുടെ മുഖത്ത് സുരക്ഷ ജീവനക്കാരന്‍ അടിച്ചെന്നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. കുടുംബത്തോടൊപ്പം മെഡിക്കല്‍ കോളേജില്‍ എത്തിയ സക്കീനയെ മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മര്‍ദിച്ചത്.

മരുമകള്‍ക്ക് ചികിത്സാരേഖകള്‍ നല്‍കാനായി അകത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഇവരെ തള്ളി മാറ്റി. തുടര്‍ന്ന് തര്‍ക്കമായി. ഇതിന് പിന്നാലെ ജീവനക്കാരന്‍ സക്കീനയെ മര്‍ദിക്കുകയായിരുന്നു. മകന്റെ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെത്തിയാണ് സക്കീന.

ചാര്‍ട്ട് തന്റെ കൈയിലായിരുന്നു എന്നും അത് ആശുപത്രിക്ക് അകത്തായിരുന്ന മരുമകള്‍ക്ക് നല്‍കാന്‍ പോയപ്പോഴാണ് സംഭവം ഉണ്ടായത് എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചെന്നും അപ്പോള്‍ ജീവനക്കാരന്‍ ഫോണ്‍ പിടിച്ചുവാങ്ങി മര്‍ദിക്കുകയായിരുന്നു എന്നുമാണ് സക്കീന പറയുന്നത്. ഇക്കാര്യം ചോദ്യം ചെയ്യാന്‍ പോയ സക്കീനയുടെ മകനും മര്‍ദനമേറ്റു.

Related Articles

Back to top button