കെപിഎസി ലളിത ആശുപത്രിയില്‍: കരള്‍ മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്
തൃശൂര്‍: മലയാള സിനിമാനടി കെപിഎസി ലളിത ആശുപത്രിയില്‍. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഐസിയുവിലാണുള്ളത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടിയെ വിദഗ്ധ ചികിത്സയുടെ ഭാഗമായി എറണാകുളത്തേക്ക് മാറ്റി. പത്ത് ദിവസമായി ചികിത്സയില്‍ കഴിയുന്ന ലളിതയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് താരം ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കുകയാണ് പരിഹാരമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേതിനേക്കാള്‍ മെച്ചപ്പെട്ട ആരോഗ്യ നിലയിലേക്ക് ലളിത എത്തിയിട്ടുണ്ടെന്നാണ് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു പറയുന്നത്. കുറച്ച് കാലമായി ആരോഗ്യപ്രശനങ്ങള്‍ ഉണ്ടെങ്കിലും താരം സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നില്ല. സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നടി തിരക്കിലായിരുന്നു. എന്നാല്‍ ഇതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്.