
2000 രൂപ നോട്ടുകൾ നാളെ മുതൽ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി. ശനിയാഴ്ച ബിവറേജസ് കോർപറേഷനും 2000 രൂപ സ്വീകരിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ബിവറേജുകളിൽ ഇനി 2000 രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്നതായിരുന്നു പുറത്തിറക്കിയ സർക്കുലർ. 2000 രൂപയുടെ നോട്ട് നിരോധിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.
മേയ് 19 നാണ് രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ചത്. നോട്ട് പിൻവലിക്കുന്നതിനുള്ള കാരണം ആർബിഐ വിശദീകരിക്കുന്നുണ്ട്. 2016ൽ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതെന്ന് ആർബിഐ പറയുന്നു. അന്ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകൾ രംഗപ്രവേശം ചെയ്തത്.
ഇപ്പോൾ കറൻസിയിലെ കുറവ് പരിഹരിച്ചിട്ടുണ്ട് എന്നാണ് ആർബിഐ പറയുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് 500,200 നോട്ടുകൾ മതിയാവുമന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ 2000 നോട്ടുകളുടെ ഉപയോഗം കുറവാണെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ജനങ്ങളുടെ കൈവശമുള്ളതിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുൻപ് പുറത്തിറക്കിയിട്ടുള്ള 2000 രൂപ നോട്ടുകളാണ്. 2018-19 കാലത്ത് 2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തിവെച്ചു. ഈ ഒരു പശ്ചാത്തലത്തിൽ 2000 രൂപാ നോട്ടുകൾ എന്തിനാണോ ആവിഷ്ക്കരിച്ചത് ആ ലക്ഷ്യം പൂർത്തിയാക്കി എന്ന് വിലയിരുത്തിയത് കൊണ്ടാണ് അവ പിൻവലിക്കുന്നതെന്ന് ആർബിഐ പറയുന്നത്. ആർബിഐയുടെ ‘ക്ലീൻ നോട്ട് പോളിസി’യുടെ ഭാഗം ആയാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ തീരുമാനമായത്. മേയ് 23 മുതൽ 2000 രൂപ ഏത് ബാങ്കിൽ നിന്നും മാറ്റിയെടുക്കാം എന്ന് ആർബിഐ പറയുന്നു. എന്നാൽ ഒറ്റത്തവണ 20,000 രൂപ വരെ മാത്രമേ മാറ്റാൻ സാധിക്കുകയുള്ളൂ. 2023 സെപ്റ്റംബർ 30 വരെ 2000-ത്തിന്റെ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റി എടുക്കുന്നതിനും ബാങ്കുകൾ സൗകര്യം ഒരുക്കും. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകളാണ് വിപണിയിൽ ഉണ്ടായിരുന്നത്. 2019 ൽ ഇത് 32,910 ലക്ഷം ആയി. 2020 ൽ 27,398 ലക്ഷമായി കുറഞ്ഞു എന്നാണ് നേരത്തെ ആർബിഐ പറഞ്ഞത്.
Post Your Comments