ആരുമറിയാതെ ചാര്‍ജ് വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഫെയര്‍ റിവിഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയില്ലാതെ തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ ബസുകളില്‍ ചാര്‍ജ് വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി. സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ വര്‍ധന. സംസ്ഥാനത്ത് മിനിമം ചാര്‍ജ് എട്ട് രൂപയാണ്. എന്നാല്‍ തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസില്‍ ഈടാക്കുന്നത് പത്ത് രൂപയാണ്.
മുഖ്യമന്ത്രി കഴിഞ്ഞദിവസമാണ് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ നടപടിയെടുക്കേണ്ട ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ തന്നെ കെഎസ്ആര്‍ടിസിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരിക്കുമ്പോഴാണ് യാത്രക്കാര്‍ ചൂഷണം ചെയ്യപ്പെടുന്നത്. ജന്റം ലോ ഫ്‌ളോര്‍ ബസുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വിസുകള്‍ക്ക് ഉപയോഗിക്കുന്നത്.
സംസ്ഥാനത്ത് ജന്റം ലോ ഫ്‌ളോര്‍ നോണ്‍ എസി ബസുകള്‍ സിറ്റി ഓര്‍ഡിനറി ബസുകള്‍ക്ക് പകരമാണ് സര്‍വിസ് നടത്തുന്നത്. അതിനാല്‍ ഇത്തരം ബസുകള്‍ക്ക് നിലവിലെ ഓര്‍ഡിനറി അല്ലെങ്കില്‍ സിറ്റി ബസ് നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന നിര്‍ദേശം നിലനില്‍ക്കെയാണ് തിരുവനന്തപുരം നഗരത്തില്‍ മാത്രം കൂടിയ നിരക്ക് ഈടാക്കുന്നത്.
എട്ടുരൂപക്ക് രണ്ടര കിലോമീറ്റര്‍ യാത്രയാണ് സംസ്ഥാനമൊട്ടാകെ അനുവദിക്കപ്പെട്ടതെങ്കിലും തലസ്ഥാനത്ത് ഇത്രയും ദൂരം താണ്ടണമെങ്കില്‍ രണ്ടുരൂപകൂടി അധികം നല്‍കണം. ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സ്വകാര്യ ബസുടമകള്‍ അടക്കം ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഫയല്‍ നിയമവകുപ്പിന്റെ പരിഗണനയിലുമാണ്. ഇതിനിടെയാണ് തിരുവനന്തപുരത്ത് മാത്രം കെഎസ്ആര്‍ടിസി ഏകപക്ഷീയമായി നിരക്ക് വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്.