ഇന്ധനം ലാഭിക്കാന്‍ പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി
NewsKerala

ഇന്ധനം ലാഭിക്കാന്‍ പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി


തിരുവനന്തപുരം: ഇന്ധനം ലാഭിക്കാന്‍ പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി. ജന്റം, സ്വിഫ്റ്റ് ബസുകളെ ബൈപാസ് റൈഡറുകളാക്കി ഉത്തരവിറക്കി. തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലെ കെഎസ്ആര്‍ടിസിയുടെയും സ്വിഫ്റ്റിന്റെ ബസുകളാണ് ആദ്യഘട്ടത്തില്‍ ബൈപാസ് റൈഡറുകളായി ഓടിത്തുടങ്ങുക. ഇവ ഇനി ഡീലക്‌സ് ബസുകളായിട്ടാണ് ഓടുക.

പുതിയ ഉത്തരവനുസരിച്ച് സര്‍വീസ് ആരംഭിക്കുന്ന ബസ് സ്റ്റാന്‍ഡിലും സര്‍വീസ് തീരുന്ന ബസ് സ്റ്റാന്‍ഡിലും ഒഴിച്ചുള്ള പല സ്റ്റാന്‍ഡുകളിലും ബസ് കയറില്ല. പകരം പ്രധാന ജംഗ്ഷനുകളിലായിരിക്കും നിര്‍ത്തുക. ഇതിലൂടെ ഇന്ധനവും സമയവും ലാഭിക്കാമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഇതിലൂടെ യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് മാനേജ്‌മെന്റ് കണക്കിലെടുക്കുന്നില്ല. രാത്രികാലയാത്രക്കാര്‍ക്ക് വളരെയേറെ വിഷമകരമാകുന്ന തീരുമാനമാണ് മാനേജ്‌മെന്റ് എടുത്തിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് എന്‍എച്ച് വഴിയുള്ള കെഎസ്ആര്‍ടി ബസുകള്‍ ആറ്റിങ്ങല്‍, കരുനാഗപ്പള്ളി, വൈറ്റില ഹബ്, അങ്കമാലി, തൃശൂര്‍, കോഴിക്കോട് സ്റ്റാന്‍ഡുകളിലും ചില ഫീഡര്‍ സ്റ്റേഷനുകളിലും കയറും. ബാക്കി സ്ഥലങ്ങളില്‍ ബസ് സ്റ്റോപ്പുകളില്‍ മാത്രമാണ് നിര്‍ത്തുക. എംസി റോഡ് വഴി പോകുന്ന ബസുകള്‍ തിരുവനന്തപുരം വിട്ടാല്‍ ചടയമംഗലം, തിരുവല്ല, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, തൃശൂര്‍, കോഴിക്കോട് ബസ് സ്റ്റാന്‍ഡുകളിലും ചില ഫീഡര്‍ സ്റ്റേഷനുകളിലും കയറും.

ബാക്കിയെല്ലാ പ്രധാന സ്റ്റോപ്പുകളിലും സ്റ്റാന്‍ഡിന് പുറത്തും നിര്‍ത്തും. ബസ് സ്റ്റോപ്പുകളുടെയും റിഫ്രഷ്‌മെന്റ് സമയവും ബസുകളില്‍ പ്രദര്‍ശിപ്പിക്കും. അതത് സ്ഥലത്തെ യൂണിറ്റ് അധികാരികളും സ്‌ക്വാഡ് യൂണിറ്റ് ഉദ്യോഗസ്ഥരും യാത്രക്കാരെ സഹായിക്കണമെന്ന നിര്‍ദേശവും മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button