ലഹരി മാഫിയക്കെതിരെ പ്രചരണനവുമായി കെഎസ്‌യു, ഭവന സന്ദര്‍ശന പരിപാടിക്ക് തുടക്കം
NewsKeralaLocal News

ലഹരി മാഫിയക്കെതിരെ പ്രചരണനവുമായി കെഎസ്‌യു, ഭവന സന്ദര്‍ശന പരിപാടിക്ക് തുടക്കം

കണ്ണൂര്‍: വിദ്യാലയങ്ങളിലെ ലഹരിക്കെതിരായ ‘ജാഗ്രത’ ക്യാമ്പയിനിന്റെ ഭാഗമായി കെഎസ്‌യു കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ഡോര്‍ ടു ഡോര്‍’ ഭവന സന്ദര്‍ശനത്തിന്റെ ജില്ലാ തല ഉദ്ഘാടനം കണ്ണൂരില്‍ നടന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കണ്ണൂര്‍ താഴെതെരു, സിറ്റി മേഖലകളിലെ വീടുകള്‍ കേന്ദ്രീകരിച്ച് പ്രചരണം നടത്തി. ലഖുലേഖകള്‍ വിതരണം ചെയ്തു.

വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും അമിതമായ ഫോണ്‍ ഉപയോഗവും അനാവശ്യ സൗഹൃദവലയങ്ങളും ശ്രദ്ധിക്കുന്നതോടൊപ്പം വീടിനും പരിസരങ്ങളിലുമുള്ള ഇത്തരം തെറ്റായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും രക്ഷിതാക്കള്‍ തന്നെ മുന്‍കൈ എടുക്കണം എന്ന ആശയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു കെഎസ്‌യു ഭവന സന്ദര്‍ശനം.

ജില്ലയില്‍ പ്രാദേശിക തലത്തില്‍ ബ്ലോക്ക് കമ്മിറ്റികളുടെയും യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ലഹരി വ്യാപനം കൂടിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തുമെന്നും അടുത്ത ഘട്ടത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് സി.ടി. അഭിജിത്, ജില്ലാ ജനറല്‍ സെക്രട്ടറി ആദര്‍ശ് മാങ്ങാട്ടിടം, അശ്വിന്‍ മതുക്കോത്ത്, ഹരികൃഷ്ണന്‍ പാലാട്, അലക്‌സ് ബെന്നി, അലേഖ് കാടാച്ചിറ, രാകേഷ് ബാലന്‍, മുഹമ്മദ് റിസ്വാന്‍, ദേവ കുമാര്‍, പ്രകീര്‍ത്ത് മുണ്ടേരി, കാളിദാസ് രഞ്ജിത്ത്, ശ്രീരാഗ് പുഴാതി, അര്‍ജുന്‍ ചാലാട് തുടങ്ങിയവര്‍ ഭവന സന്ദര്‍ശന ക്യാംപയിന് നേതൃത്വം നല്‍കി.

Related Articles

Post Your Comments

Back to top button