കെറ്റിഡിഎഫ്സി കുത്തുപാളയെടുത്തു, ജനത്തിന്റെ 469 കോടി വെള്ളത്തിലായി.

കുശാലായ നടത്തിപ്പ് കൊണ്ട് കുത്ത് പാളയെടുത്ത കെ റ്റി ഡി എഫ് സി എന്ന കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്‍റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ അടച്ചു പൂട്ടലിലേക്ക്. പൊതുജനങ്ങളില്‍ നിന്നും 925 കോടി രൂപ സമാഹരിച്ച സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയില്ലാത്ത നടത്തിപ്പ് മൂലം ജനത്തിന്റെ 469 കോടി രൂപയാണ് വെള്ളത്തിലായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ ഒരു നിർവാഹവുമില്ലാത്ത അവസ്ഥയിൽ അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ അവസ്ഥയിൽ 469 കോടി സർക്കാർ കൊടുത്താൽ മൃതപ്രായമായ അവസ്ഥയിൽ ജീവനെങ്കിലും നിലനിർത്താം. 925 കോടി രൂപ പൊതു ജന നിക്ഷേപമുള്ള കമ്പനിയില്‍ 353 കോടി രൂപ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. ബാധ്യതകളില്‍ 356 കോടി രൂപ കെഎസ്ആര്‍ടിസി നൽകാനുള്ളത് കൊണ്ടാണിത്.
കെറ്റിഡിഎഫ്‍സി മുന്‍ എം.ഡി അജിത്ത് കുമാര്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് അയച്ച കത്തും ഗതാഗത വകുപ്പ് സെക്രട്ടറി കെറ്റിഡിഎഫ്‍സി എംഡിക്ക് ജനുവരി മാസം ആദ്യം അയച്ച കത്തും പുറത്തായതോടെയാണ് കെ റ്റി ഡി എഫ് സി യുടെ ദുരവസ്ഥ പുത്തറിയുന്നത്. സ്ഥാപനം പൂട്ടുമെന്ന് മുന്‍ എം.ഡി അജിത് കുമാറിന്‍റെയും ജ്യോതിലാല്‍ ഐഎഎസിന്‍റെയും കത്തുകളാണ് സൂചന നൽകുന്നത്. 2020 നവംബര്‍ 20 ന് ചേര്‍ന്ന യോഗത്തിൽ കെറ്റിഡിഎഫ്‍സിയുടെ ബാധ്യത തീര്‍ത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നിര്‍ദേശം ഉണ്ടായിരുന്നു. യോഗത്തില്‍ ഗതാഗത സെക്രട്ടറി,കെറ്റിഡിഎഫ്‍സി ചെയര്‍മാന്‍, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ആണ് അന്ന് യോഗത്തിൽ പങ്കെടുത്തിരുന്നത്.
പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച 925 കോടി രൂപ എങ്ങനെയും തിരികെ കൊടുക്കുക എന്നതാണ് ഇപ്പോൾ കോര്‍പറേഷന്റെ മുന്നിലുള്ള പ്രധാന പ്രതിസന്ധി.ബാധ്യതകളില്‍ 356 കോടി രൂപ കെഎസ്ആര്‍ടിസി തിരികെ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കി തുക സര്‍ക്കാരില്‍ നിന്നും അനുവദിച്ച് ബാധ്യതകള്‍ തീർക്കാനാണ് യോഗം തീരുമാനിച്ചിരുന്നത്. നാല് ബിഒടി പ്രൊജക്ടുകള്‍ പണയപ്പെടുത്തി കെഎസ്ആര്‍ടിസിക്ക് വായ്പയെടുക്കാനായി വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശങ്ങളും യോഗത്തിൽ ഉണ്ടായിരുന്നു.
സര്‍ക്കാര്‍ നല്‍കുന്ന 469 കോടി രൂപയും കെഎസ്ആര്‍ടിസി നല്‍കുന്ന 356 കോടി രൂപയും ലഭിക്കുന്ന മുറയ്ക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തി വെക്കാനാണ് കെറ്റിഡിഎഫ്‍സി മുന്‍ എം.ഡി എം ആര്‍ അജിത്ത് കുമാറിന്‍റെ കത്തിലുള്ള നിർദേശം. ജീവനക്കാരെ മറ്റിടങ്ങളിലേക്ക് പുനര്‍ വിന്യസിച്ച ശേഷം പ്രവര്‍ത്തനം നിർത്താനും നിർദേശിച്ചിട്ടുണ്ട്. അതേസമയം, കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്‍റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ഇത്രയും ഭീമമായ നഷ്ടത്തിലായതിന്റെ ഉള്ളുകള്ളികൾ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.