ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍
MovieNewsKeralaEntertainment

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍

കൊച്ചി: നാല്‍പ്പത്തിയാറാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, കെ.എസ്എഫ്ഡിസി നിര്‍മ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നിവയാണ് മികച്ച ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ദര്‍ശന രാജേന്ദ്രനാണ് മികച്ച നടി (ചിത്രം: ജയ ജയ ജയ ഹേ, പുരുഷപ്രേതം). മികച്ച സഹനടനുള്ള പുരസ്‌കാരം തമ്പി ആന്റണി സ്വന്തമാക്കി.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്, ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണ് ഇത്. 82 ചിത്രങ്ങളാണ് ഇക്കുറി മത്സരിക്കാനുണ്ടായിരുന്നത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി.കുമാരന് നല്‍കും. തെന്നിന്ത്യന്‍ സിനിമയിലും മലയാളത്തിലും 50 വര്‍ഷത്തിലധികമായി സിനിമയുടെ സകലമേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന കമല്‍ഹാസന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.
അഭിനയ ജീവിതത്തില്‍ റൂബി ജൂബിലി തികയ്ക്കുന്ന നടന്‍വിജയരാഘവന്‍, രണ്ടുവട്ടം മികച്ച നടിക്കുള്ള ദേശീയ ബഹുമതി നേടിയ നടി ശോഭന, നടന്‍, നര്‍ത്തകന്‍, ശബ്ദകലാകാരന്‍ എന്നീ നിലകളിലെല്ലാം മുപ്പത്തെട്ടു വര്‍ഷത്തോളമായി സിനിമയില്‍ സജീവമായ വിനീത്, മലയാള സിനിമാ പോസ്റ്റര്‍ രൂപകല്‍പനയില്‍ വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന തിരക്കഥാകൃത്തുകൂടിയായ ഗായത്രി അശോകന്‍, സിനിമയ്ക്കു വേണ്ടി ജീവിതമുഴിഞ്ഞുവച്ച മുതിര്‍ന്ന നടന്‍ മോഹന്‍ ഡി. കുറിച്ചി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

Related Articles

Post Your Comments

Back to top button