Kerala NewsLatest NewsLocal NewsNews

കുറുവ സംഘം കോഴിക്കോട്ടും: ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ട് പോലീസ്

കോഴിക്കോട്: തമിഴ്‌നാട്ടിലെ അതീവ അക്രമകാരികളായ കുറുവ സംഘം കോഴിക്കോട് എത്തിയതായി പോലീസ്. എന്നാല്‍ ഇതുവരെ അക്രമമോ കവര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ എലത്തൂര്‍ സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ ഇവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് അറിയിച്ചു. കഴിഞ്ഞദിവസം പാലക്കാട്ട് അറസ്റ്റിലായവരെ ഏലത്തൂര്‍ സ്റ്റേഷനിലെ കേസുകളില്‍ പ്രതിയാക്കിയിട്ടുണ്ട്. അതീവ അക്രമകാരികളാണ് കുറുവ സംഘം അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണം.

കോടാലി, തൂമ്പ പോലുള്ളവ വീടിന് പുറത്തുവയ്ക്കാതെ സൂക്ഷിക്കണമെന്നും എ.വി. ജോര്‍ജ് പറഞ്ഞു. അന്നശേരിയിലാണ് ഇവര്‍ താമസിച്ചത്. ഇവിടെ നിന്നാണ് മോഷണത്തിന് പദ്ധതിയിട്ടത്. അസമയത്ത് എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, മറ്റ് ആളുകളെയോ വിളിച്ച് അറിയിച്ചശേഷം മാത്രമേ പുറത്തിറങ്ങാവൂ എന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു. കുറുവ സംഘത്തിന്റെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടതോടെ രാത്രികാല പരിശോധന പോലീസ് ശക്തമാക്കിയിട്ടുണ്ട്. സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോയെടുത്ത് പരിശോധിക്കാനും അനാവശ്യമായി രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി നാല്‍പതോളം സംഘങ്ങളെ നഗരത്തില്‍ മാത്രം നിയോഗിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെ 04952721697 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു. പകല്‍ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വില്‍ക്കുന്നവരുടെ വേഷത്തിലാണ് കുറുവകള്‍ പ്രവര്‍ത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവര്‍ച്ചയ്ക്ക് ഇറങ്ങുക. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിര്‍ക്കുന്നവരെ വകവരുത്താനും ഇവര്‍ ശ്രമിച്ചേക്കും. കവര്‍ച്ചയ്ക്ക് ശേഷം തിരുനേല്‍വേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button