പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, കുട്ടനാട് ചവറ തെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും.

എം എൽ എ മാരുടെ മരണത്തെ തുടർന്ന് ഉപതെരെഞ്ഞെടുപ്പുകൾ നടത്തേണ്ടിയിരുന്ന കുട്ടനാട് ചവറ തെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും. തെരെഞ്ഞെടുപ്പ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. കൊവിഡ് രോഗബാധ സംസ്ഥാനത്ത് ഏറിവരുന്ന സാഹചര്യവും, കാലവര്‍ഷം എത്തിയിരിക്കുന്ന സ്ഥിതിവിശേഷം, സര്‍ക്കാരിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ ഇനി കാലാവധിയുള്ളൂ എന്നതും, കണക്കിലെടുത്ത് മുഖ്യമായും തെരെഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്നാണു കത്തിൽ ചോദിച്ചിട്ടുള്ളത്.
തോമസ് ചാണ്ടി, വിജയന്‍ പിള്ള എന്നീ എം.എല്‍.എ മാരുടെ നിര്യാണത്തെ തുടര്‍ന്നാണ് കുട്ടനാട്, ചവറ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുന്നത്. നാല് കാര്യങ്ങളാണ് ടിക്കാറാം മീണ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊവിഡ് രോഗബാധ സംസ്ഥാനത്ത് ഏറിവരികയാണെന്നും ഉറവിടം അറിയാത്ത കേസുകളും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്ന കേസുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടെന്നും, കത്തില്‍ പറഞ്ഞിട്ടുണ്ട്.
കേരളത്തില്‍ കാലവര്‍ഷം എത്തിയിരിക്കുകയാണ്. കാലവര്‍ഷം ശക്തമാകുകയാണെങ്കില്‍ പ്രധാനപ്പെട്ട പല വോട്ടിങ് കേന്ദ്രങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റേണ്ടി വരും. മാത്രമല്ല സംസ്ഥാന സര്‍ക്കാരിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ ഇനി കാലാവധി ബാക്കിയുള്ളൂ. സാധാരണ നിലയില്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രം കാലാവധിയുള്ളപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മീണ കത്തില്‍ പറഞ്ഞിരിക്കുന്നു.
ഇനി അഥവാ തെരഞ്ഞെടുപ്പ് വേണം എന്നാണ് തീരുമാനമെങ്കില്‍ ഓഗസ്റ്റിന് ശേഷം മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കത്തില്‍ നിർദേശിച്ചിരുന്നു. മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന് കോടികളുടെ അധിക ബാധ്യത ഉണ്ടാക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടുത്ത യോഗം ഈ മാസം അഞ്ചാം തിയതി ദല്‍ഹിയില്‍ ചേരുന്നുണ്ട്. യോഗത്തിൽ വീഡിയോ കോണ്‍ഫറന്‍സ് വഴി ടിക്കാറാം മീണയും പങ്കെടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിലപാട് അംഗീകരിക്കുകയാണെങ്കില്‍ കുട്ടനാട്ടിലേയും ചവറയിലേയും തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചെക്കും.