കെ.വി തോമസിന്റെ മനം നൊന്ത തീരുമാനം ശനിയാഴ്ച

കൊച്ചി / കോൺഗ്രസ് നേതാവായിരുന്ന കെ.വി തോമസ് രാഷ്ട്രീയ നിലപാട് സംബന്ധിച്ച നിർണ്ണായക തീരുമാനം ശനിയാഴ്ച പ്രഖ്യാപിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി എറണാകുളത്ത് അദ്ദേഹം മത്സരിക്കുമെന്നാണ് വിവരം. കോൺഗ്രസ് ഹൈക്കമാന്‍ഡിനും, സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനും തന്നോടുള്ള അവഗണന മനോഭാവത്തിൽ മനം നൊന്തുള്ള തീരുമാനം ആയിരിക്കും തോമസ് ശനിയാഴ്ച പ്രഖ്യാപിക്കുക.
കെ.പി.സി.സി നേതൃത്വം തന്നെ ഒതുക്കുന്ന നടപടി തുടരുന്നതിനിടെയാണ് ഹൈക്കമാൻഡിന്റെ അവഗണന. കേരളത്തിലെത്തിയ അശോക് ഗെലോട്ടുമായി ചർച്ച നടത്താൻ ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നെങ്കിലും കെവി തോമസ് അതിനും മുതിർന്നിരുന്നില്ലെന്നു മാത്രമല്ല തിരിഞ്ഞു നോക്കിയത് പോലും ഇല്ല. നിലവിലുള്ള സാഹചര്യത്തിൽ ശനിയാഴ്ച തന്റെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കെ.വി തോമസ് ഒരു ന്യൂസ് ചാനലിലോട് പറഞ്ഞിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാൻ കെ.വി തോമസ് തയ്യാറെടുക്കുന്നതായുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. എന്നാൽ തോമസിന് സീറ്റ് നൽകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന നിലപാടിലാണ് ജില്ലാ സി പി എം നേതൃത്വം. സി.പി.എം നേതൃത്വവുമായി ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയായെങ്കിലും തീരുമാനം ഉണ്ടായിട്ടില്ല. എറണാകുളത്തോ കൊച്ചിയിലോ സീറ്റ് വേണമെന്നാണ് തോമസ് ആവശ്യപ്പെടുന്നത്. ഈ രണ്ടു സീറ്റുകളുമല്ലാതെ മറ്റേതെങ്കിലും സീറ്റ് നൽകി തോമസിന് കൂടെ നിർത്താനാണ് സി പി എം ആലോചിക്കുന്നത്. കൊച്ചിയിൽ കെ.ജെ മാക്സിയുടെ പേര് ഇതിനകം സി പി എം തീരുമാനിച്ചിട്ടുള്ളതാണ്.