ലക്ഷ്യ സെന്നിന് ലക്ഷ്യം കാണാനായില്ല; പ്രണോയ് അവസാന എട്ടില്‍
Sports

ലക്ഷ്യ സെന്നിന് ലക്ഷ്യം കാണാനായില്ല; പ്രണോയ് അവസാന എട്ടില്‍

ടോക്കിയോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡലോടെ നാട്ടിലെത്തിയ ലക്ഷ്യ സെന്നിനെ ലക്ഷ്യം കാണാനനുവദിക്കാതെ മലയാളി താരം പ്രണോയ്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ താരം കെന്റോ മൊമോട്ടയെ തോല്‍പിച്ചെത്തിയ എച്ച്.എസ്. പ്രണോയ് ലക്ഷ്യ സെന്നിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് പ്രീ ക്വാര്‍ട്ടറില്‍ അടിയറവ് പറയിച്ചത്. സ്‌കോര്‍: 17-21, 21-16, 21-17.

ലോക ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞവര്‍ഷത്തെ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് ലക്ഷ്യ സെന്‍. ആദ്യ ഗെയിം ലക്ഷ്യ സെന്നിന് മുന്നില്‍ അടിയറവ് വെച്ച പ്രണോയ് അത്ഭുതകരമായ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്. ആദ്യ സെറ്റില്‍ 3-0ന് മുന്നിലെത്തിയ ലക്ഷ്യ സെന്നിനെ 4-4ന് പ്രണോയ് ഒപ്പം പിടിച്ചു. എന്നാല്‍ 11-8ന് ലീഡ് തിരിച്ചുപിടിച്ച ലക്ഷ്യ സെന്‍ 21-17ന് ആദ്യ ഗെയിം സ്വന്തമാക്കി.

എന്നാല്‍ രണ്ടാം ഗെയിമില്‍ ലീഡെടുത്തത് പ്രണോയ് ആണ്. 6-3ന് ലീഡെടുത്ത പ്രണോയിയെ 10-10ന് ലക്ഷ്യ സെന്‍ ഒപ്പം പിടിച്ചു. പിന്നീട് 11-10ന് ലീഡെടുക്കുകയും ചെയ്തു. എന്നാല്‍ 14-12ന് ലീഡെടുത്ത പ്രണോയ് ലീഡ് കൈവിടാതെ 21-16ന് ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിമില്‍ രണ്ട് താരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ 18-11ന് ലീഡെടുത്ത പ്രണോയ് 21-17ന് ഗെയിം സ്വന്തമാക്കി ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു.

പുരുഷ ഡബിള്‍സില്‍ മലയാളി താരം എം.ആര്‍. അര്‍ജുന്‍- ധുവ് കപില സഖ്യവും സാത്വിക് സായ്രാജ്- ചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടറിലെത്തി. വനിതകളില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി. മറ്റൊരു ഇന്ത്യന്‍ വനിത താരം പി.വി. സിന്ധു പരിക്ക് മൂലം ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നില്ല.

Related Articles

Post Your Comments

Back to top button