
ഹൈജംമ്പ്, ലോങ്ജംമ്പ്, പാരാജംമ്പ് തുടങ്ങി മതില്ചാട്ടം വരെ നിരവധി ചാട്ടങ്ങള്‍ ലോകത്തുണ്ട്. എന്നാല്‍ എല്ലാ ചാട്ടങ്ങള്‍ക്കും ഓരോ കാരണങ്ങളുണ്ട്. അത് ചിലപ്പോള്‍ വിനോദമാകാം കായികമാകാം ഇനി സ്വന്തം ആവശ്യങ്ങള്‍ക്കായ ചാട്ടങ്ങളാകാം. എന്നാല്‍ രാവിലെ മുതല്‍ ചാടിയാല്‍ കൈ നിറച്ചു പണം കിട്ടുമെങ്കിലോ.. സംഗതി കളറാണ് അല്ലേ… എന്നാല്‍ ഇപ്പോള്‍ തോന്നുനുണ്ടാകും ഇത് ഒരു മണ്ടത്തരമാണല്ലോ എന്ന്. എന്നാല്‍ അത് മണ്ടത്തരമല്ല. കാരണം ചാടി ചാടി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരാളുണ്ട്. വേറാരുമല്ല സെന്റ് ആല്‍ബന്‍സില്‍ നിന്നുള്ള 30 കാരിയായ ലോറന് ഫ്ളൈമാനാണ് അത്.
ലോറന് തന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതിനും തന്റെ ഹോബിയുമായിട്ടാണ് സ്കിപ്പിങ്ങ് നടത്തുന്നത്. എന്നാല്‍ ഇതിലൂടെ ലോറന് കിട്ടുന്നതാകട്ടെ ലക്ഷങ്ങളും. തന്റെ ഹോബിക്കായി ജോലി വരെ ഉപേക്ഷിച്ചാണ് ലോറന് ഇതിലേക്ക് ഇറങ്ങി തിരിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ലോറന് ഇതിലേക്ക് വരുന്നത്.
മുന്‍പ് സെയില്‍സ് മാനേജരായിരുന്നു ലോറന്. കോവിഡ് ലോക്ഡൗണ്‍ ആരംഭിച്ചതോടെ ആളുകളെ കാണാനും ബന്ധപ്പെടാനും സാധിക്കാതെ വന്നു. പോരാത്തതിന് ജോലിയുടെ ആവശ്യത്തിന് യാത്രകളും പറ്റാതായതോടെ ജോലിക്ക് വലിയ തടസം നേരിട്ടു. ഇതോടെ വീട്ടില്‍ കഴിഞ്ഞിരുന്ന സമയത്ത് വ്യായാമത്തിനായി കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആരംഭിച്ചു.
പിന്നെ ഇതില്‍ കൂടുതല്‍ പ്രാവീണ്യം നേടാനായി ശ്രമം. സ്കിപ്പര്മാരുടെ ഒരു ഓണ്‍ലൈന്‍ നെറ്റ്വര്ക്കില് അവള് ചേര്‍ന്നു. കൂടാതെ, താന്‍ ദിവസേന സ്കിപ്പിങ് ചെയ്യുന്നതിന്റെ വിഡിയോകള്‍ പങ്കിടാന്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും അവള് തുടങ്ങി. അത് പതുക്കെ വളര്‍ന്നു. അവളുടെ ദിനചര്യകള്‍, നിരവധി വലിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍, പുതിയ വ്യായാമ ഉപകരണങ്ങളുടെ ലിസ്റ്റ് എന്നിങ്ങനെ അത് വളര്‍ന്നു.
ഇതോടെ തന്റെ പഴയ ജോലിയിലേക്ക് മടങ്ങാന്‍ അവള് മടിച്ചു. ഇപ്പോള്‍ ലോറന് ഒരു മില്യണിലധികം ഫോളോവേഴ്സുണ്ട്. എന്നാല്‍ താന്‍ സ്കിപ്പിംഗിനായി ദിവസേന ആറ് മണിക്കൂര്‍ മാത്രമാണ് ചിലവഴിക്കുന്നത് എന്നാണ് ലോറന് പറയുന്നു. ബാക്കി സമയം അവളുടെ ബ്രാന്‍ഡിലും കൊറിയോഗ്രാഫിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്.