യൂറോപ്പില്‍ ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

യൂറോപ്പില്‍ ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

പാരിസ്: നീണ്ട ഇടവേളയ്ക്ക് ശേഷം യൂറോപ്പിലെ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗും ഫ്രഞ്ച് ലീഗ് വണ്ണും ജര്‍മ്മന്‍ ബുണ്ടസാ ലീഗുമാണ് ഇന്ന് ആരംഭിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ഉദ്ഘാടന ദിവസമായ ഇന്ന് ആഴ്സണല്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടും. രാത്രി 12.30നാണ് മല്‍സരം. കഴിഞ്ഞ തവണ മികച്ച ഫുട്ബോള്‍ കാഴ്ചവച്ചിട്ടും അര്‍ട്ടേറ്റയുടെ ടീമിന് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. ഇക്കുറി കിരീടം തന്നെയാണ് ടീമിന്റെ ലക്ഷ്യം.

പ്രീമിയര്‍ ലീഗിലെ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇക്കുറിയും വന്‍ ഒരുക്കത്തിലാണ്. കിരീടം നിലനിര്‍ത്താന്‍ തന്നെയാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീമിന്റെ ലക്ഷ്യം. ഫ്രഞ്ച് ലീഗിലെ നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി ഇത്തവണയും മികച്ച താരനിരയുമായാണ് കളത്തിലിറങ്ങുന്നത്. കിരീട നേട്ടത്തിലുപരി ചാംപ്യന്‍സ് ലീഗാണ് അവരുടെ ലക്ഷ്യം. ജര്‍മ്മനിയില്‍ ബയേണ്‍ മ്യുണിക്കും കിരീട നേട്ടത്തിലെ ആധിപത്യം നിലനിര്‍ത്താനായി ഇറങ്ങും. ഫ്രഞ്ച് ലീഗില്‍ ആദ്യ മല്‍സരം ലിയോണും പുതിയ ക്ലബ്ബായ അജാസിയോയും തമ്മിലാണ്. രാത്രി 12.30നാണ് മല്‍സരം.

ജര്‍മ്മനിയില്‍ ഉദ്ഘാടന മല്‍സരം നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യുണിക്കും എന്റ്രാച്ച് ഫ്രാങ്ക്ഫര്‍ട്ടും തമ്മിലാണ്. രാത്രി 12 മണിക്കാണ് മല്‍സരം. ഗോള്‍ മെഷീന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഇല്ലാതെയാണ് ബയേണ്‍ ഇത്തവണ കളത്തിലിറങ്ങുന്നത്. പകരമായി ലിവര്‍പൂളില്‍ നിന്ന് സാദിയോ മാനെയെ ബയേണ്‍ ടീമിലെത്തിച്ചിട്ടുണ്ട്. ക്രിസ്റ്റോഫ് ഗ്ലാറ്റിയറിന് കീഴിലിറങ്ങുന്ന പിഎസ്ജിയ്ക്ക് ഫ്രാന്‍സില്‍ കാര്യമായ വെല്ലുവിളി ഉണ്ടാവില്ല. മെസ്സി, നെയ്മര്‍, എംബാപ്പെ ത്രയങ്ങള്‍ തന്നെയാണ് പിഎസ്ജിയുടെ ഇത്തവണത്തെയും തുരുപ്പ് ചീട്ടുകള്‍.

Related Articles

Post Your Comments

Back to top button