Kerala NewsLatest NewsLaw,News

നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ക്കാമെന്ന് നിയമോപദേശം

കൊച്ചി: ദിലീപിന്റെ കേസുകളില്‍ അഭിഭാഷകരെ പ്രതി ചേര്‍ക്കാമെന്ന് നിയമോപദേശം. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലാണ് രണ്ട് അഭിഭാഷകരെ പ്രതി ചേര്‍ക്കുക. ദിലീപിന്റെ ഫോണ്‍ രേഖകള്‍ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസില്‍ വച്ചാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.

ദിലീപിന്റെ മൊബൈലിലെ ഡാറ്റ മായ്ച്ചത് അഭിഭാഷകരുടെ ഉപദേശപ്രകാരമാണെന്ന് സൈബര്‍ ഹാക്കര്‍ സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. കുറ്റസമ്മതമൊഴി നല്‍കിയ സായ് ശങ്കറെ മാപ്പുസാക്ഷിയാക്കാന്‍ ക്രൈംബ്രാഞ്ച് ആലുവ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് അഭിഭാഷകരെ പ്രതിയാക്കാമെന്നാണ് നിയമോപദേശം. ദിലീപിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ മായ്ക്കാന്‍ മുംബൈയിലെ സ്വകാര്യ ലാബില്‍ കൊണ്ടുപോയതിനൊപ്പം അഭിഭാഷകരും പോയിരുന്നു.

അവരുടെ നേതൃത്വത്തിലാണ് ലാബില്‍ പരിശോധന നടന്നത്. ഐപിസി വകുപ്പ് 302 പ്രകാരം തെളിവുനശിപ്പിച്ച കുറ്റത്തിനാണ് ഇരുവരെയും പ്രതിയാക്കുക. ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാല്‍ അറസ്റ്റിന് സാധ്യതയില്ല. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുക. നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ച കുറ്റത്തിന് മറ്റ് രണ്ട് അഭിഭാഷകരെ പ്രതിയാക്കിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു.

Related Articles

Back to top button