സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന് ജീവപര്യന്തം
ന്യൂഡല്‍ഹി: മാനേജരെ കൊലചെയ്ത സ്വയംപ്രഖ്യാപി ആള്‍ദൈവത്തിന് ജീവപര്യന്തം. ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഗുര്‍മീതിന്റെ മാനേജര്‍ രഞ്ജിത് സിംഗിന്റെ കൊലപാതകത്തിലാണ് കോടതി വിധി പറഞ്ഞത്. ഗുര്‍മീതിനൊപ്പം മറ്റു നാലു പേര്‍ക്കും ജീവപര്യന്തം വിധിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട രഞ്ജിത് ദേര സച്ച സൗദയുടെ മാനേജറും ഭക്തനുമായിരുന്നു. 2002ലാണ് ഇയാള്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ജസ്ബീര്‍, സബ്ദില്‍, അവതാര്‍, കൃഷന്‍ലാല്‍, ഇന്ദര്‍സെന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഒക്ടോബര്‍ എട്ടിന് കോടതി ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഹരിയാനയിലെ പഞ്ച്കുലയിലുള്ള സിബിഐ കോടതിയാണ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 31 ലക്ഷം രൂപ പിഴയായി ഗുര്‍മീതില്‍ നിന്നും 50000 രൂപ മറ്റ് നാല് പേരില്‍ നിന്നും ഈടാക്കും.
ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതികളെ കുറിച്ച് നേരത്തെ ഒരു കത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ രഞ്ജിത് ആണെന്ന് സംശയമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ ഗുര്‍മീതും കൂട്ടാളികളും കൊലപ്പെടുത്തിയത്. ഇതിനായി ഇവര്‍ ആ ദ്യം ഗൂഢാലോചന നടത്തിയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ വച്ചാണ് രഞ്ജിത്തിനെ ഇവര്‍ വെടിവെച്ച് കൊന്നത്.
ഗുര്‍മീത് ഇപ്പോള്‍ ഇരുപത് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ആശ്രമത്തിലെ അന്തേവാസികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ജയിലിലായത്. 2017 ഓഗസ്റ്റിനായിരുന്നു ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകത്തിലും ഗുര്‍മീതും കൂട്ടാളികളായ മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.