നഷ്ടമായത് മുടി മാത്രം ; തലമുണ്ഡനം ചലഞ്ച് നടപ്പാക്കി ഇ എം ആഗസ്തി
ഇടുക്കി; നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ചലഞ്ചിൽ വാക്ക് പാലിച്ച് അഡ്വ. ഇ എം ആഗസ്തി തല മുണ്ഡനം ചെയ്തു. ഉടുമ്പൻചോലയിൽ എം എം മണി ഇരുപതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു ആഗസ്തിയുടെ ചലഞ്ച്. ഫലം വന്ന ദിവസം തന്നെ താൻ വാക്കുപാലിക്കുമെന്ന് ആഗസ്തി വ്യക്തമാക്കിയിരുന്നു.
തൻ്റെ ഫെയിസ്ബുക്കിൽ വാക്ക് പാലിക്കാനുള്ളതാണെന്ന തലക്കെട്ടോടെ തലമുണ്ഡനം ചെയ്തതിന് ശേഷം ഉള്ള ചിത്രം ആഗസ്തി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമാണെന്നും തൻ്റെ അടുത്ത സുഹൃത്തായ ആഗസ്തി അവിവേകം കാണിക്കരുതെന്നുമായിരുന്നു മണിയാശാൻ്റെ പ്രതികരണം. ഇന്നാണ് ആഗസ്തി തല മുണ്ഡനം ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്ക് അരങ്ങായ മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല. നിലവിൽ കേരളത്തിന്റെ വൈദ്യുതി മന്ത്രി എം എം മണിയുടെ സിറ്റിംഗ് സീറ്റായ ഉടുമ്പൻചോലയിൽ 2016ൽ 1109 വോട്ടുകൾക്കായിരുന്നു അദ്ദേഹം വിജയിച്ചത്.