'നടിയെ ആക്രമിച്ച കേസ് പരിശോധിച്ചാല്‍ പറയാന്‍കൊള്ളാത്ത പലകാര്യങ്ങളുമുണ്ട്; അതൊന്നും പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല': എം എം മണി
NewsKerala

‘നടിയെ ആക്രമിച്ച കേസ് പരിശോധിച്ചാല്‍ പറയാന്‍കൊള്ളാത്ത പലകാര്യങ്ങളുമുണ്ട്; അതൊന്നും പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല’: എം എം മണി

കൊച്ചി: നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസ് എന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം എം മണി. വിശദമായി പരിശോധിച്ചാല്‍ പറയാന്‍കൊള്ളാത്ത പലകാര്യങ്ങളുമുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും എം എം മണി സ്വാകാര്യ വാര്‍ത്താചാനലിനോട് പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.

‘കോടതിയാണ് തെളിവിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തീരുമാനമെടുക്കേണ്ടത്. കോടതിയാണ് വിചാരണ ചെയ്ത് തെളിവ് എടുക്കുന്നതും ശിക്ഷിക്കുന്നതുമൊക്കെ. നമുക്ക് അത് സംബന്ധിച്ച് എല്ലാമൊന്നും പറയാന്‍ പറ്റില്ല. പക്ഷെ സര്‍ക്കാര്‍ കേസ് എടുക്കാനും അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കാനും നിലപാട് എടുത്തോ എന്നതാണ് പ്രശ്‌നം’- അദ്ദേഹം പറഞ്ഞു.

‘ബാക്കി ശിക്ഷയെന്നൊക്കെ പറയുന്നത് കോടതിയിലെ വിചാരണയും വാദകോലാഹലവും ഏര്‍പ്പാടും ഒക്കെയാണ്. പ്രതികള്‍ രക്ഷപെടാനുള്ള മാര്‍ഗമൊക്കെ പലപ്പോഴും നോക്കും. നടിയെ ആക്രമിച്ച കേസ് കുറേനാളായി നിലനില്‍ക്കുന്ന നാണംകെട്ട കേസായിട്ടാണ് എനിക്ക് തോന്നിയിരിക്കുന്നത്. ഇത് കേട്ടിട്ട്, അങ്ങേരാണെങ്കില്‍(ദിലീപ്) നല്ല നടനായി ഉയര്‍ന്നുവന്ന ആളാണ്. ഇതിനകത്തൊക്കെ ചെന്ന് ഇങ്ങനെ അദ്ദേഹത്തിന് ഇടപെടേണ്ടിവന്നത് എങ്ങനെയെന്നൊന്നും എനിക്കൊരു പിടിയുമില്ല. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല’- എം എം മണി തുടര്‍ന്നു.

‘അത് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസ്. അതിന്റെ പിന്നില്‍, വിശദമായി പരിശോധിച്ചാല്‍ നമുക്കൊന്നും പറയാന്‍ കൊള്ളാത്ത കാര്യങ്ങളുമെല്ലാമുണ്ട്. അതൊന്നും ഞാനിപ്പോള്‍ ഏതായാലും പറയാന്‍ ഉദ്ദേശിക്കുന്നില്ല. കോടതി എന്തു ചെയ്യുന്നുവെന്നത് കോടതിയുടെ വിഷയമല്ലേ?. അതിന് മുഖ്യമന്ത്രി എന്ത് ചെയ്യാനാണ്’-അദ്ദേഹം ചോദിച്ചു.

Related Articles

Post Your Comments

Back to top button