കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ പരാമര്‍ശം: പറയാന്‍ പാടില്ലാത്തതെന്ന് സഭ നിയന്ത്രിച്ചിരുന്ന ഇ കെ വിജയന്‍, വീഡിയോ
NewsKerala

കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ പരാമര്‍ശം: പറയാന്‍ പാടില്ലാത്തതെന്ന് സഭ നിയന്ത്രിച്ചിരുന്ന ഇ കെ വിജയന്‍, വീഡിയോ

തിരുവനന്തപുരം: കെ കെ രമയ്‌ക്കെതിരെ എം എം മണി അധിക്ഷേപ പരാമര്‍ശം നടത്തിയപ്പോള്‍ ഇ കെ വിജയന്‍ എംഎല്‍എയായിരുന്നു സ്പീക്കറുടെ ചെയറിലുണ്ടായിരുന്നത്. ബഹളം നടക്കുന്നതിനിടെ അടുത്ത് നില്‍ക്കുന്ന സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയോട് പറയാന്‍ പാടില്ലാത്ത പരാമര്‍ശം എന്ന് ഇ കെ വിജയന്‍ പറയുന്നത് കേള്‍ക്കാം. സ്പീക്കര്‍ വരുമോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ചെയര്‍മാന്‍ പാനല്‍ അംഗമെന്ന നിലയിലായിരുന്നു നാദാപുരം എംഎല്‍എയായ ഇ കെ വിജയന്‍ സഭ നിയന്ത്രിച്ചിരുന്നത്.

ആര്‍എംപി നേതാവും കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ ‘വിധവ ആയത് അവരുടെ വിധി’യെന്നായിരുന്നു എം എം മണി ഇന്നലെ നിയസഭയില്‍ പറഞ്ഞത്. തുടര്‍ന്ന് ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്‍പിലേക്ക് എത്തി. സഭ നടക്കുന്നമ്പോള്‍ ചിലപ്പോഴൊക്കെ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമൊക്കെ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്ത് വന്നുനില്‍ക്കാറുണ്ട്.

എം എം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ സഭയില്‍ പ്രതിഷേധം നടക്കുമ്പോഴും സ്പീക്കറുടെ ഇരിപ്പിടത്തിന് അരികിലായി പ്രൈവറ്റ് സെക്രട്ടറി നില്‍പ്പുണ്ടായിരുന്നു. തുടര്‍ന്നായിരുന്നു ഇത് ശരിക്കും പറയാന്‍ പാടില്ലാത്തതെന്ന് സഭ നിയന്ത്രിച്ചിരുന്ന ഇ കെ വിജയന്‍ പ്രൈവറ്റ് സെക്രട്ടറിയോട് പറഞ്ഞത്. പ്രതിപക്ഷാംഗങ്ങളോട് മടങ്ങാന്‍ പറയൂവെന്നും സ്പീക്കര്‍ സഭയിലെത്തുമെന്നും അദ്ദേഹം മറുപടി നല്‍കുന്നതും കേള്‍ക്കാം.

വിവാദ പരാമര്‍ശം ഉണ്ടായപ്പോള്‍ സഭ നിയന്ത്രിച്ചിരുന്ന വ്യക്തിക്ക് ഇത് പറയാന്‍ പാടില്ലാത്തതായിരുന്നുവെന്ന അഭിപ്രായമുണ്ടെന്ന് തെളിയിക്കുന്നതാണ് നിയമസഭാ ടിവിയുടെ ദൃശ്യങ്ങള്‍.

Related Articles

Post Your Comments

Back to top button