എൻഐഎയുടെ ഓരോ നീക്കവും രഹസ്യമായി, എം.ശിവശങ്കറിനെ എൻഐഎ അഞ്ചുമണിക്കൂർ ചോദ്യം ചെയ്ത് വിട്ടു.

വിവാദമായ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ എൻ ഐ എ അഞ്ചു മണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. തിരുവന്തപുരത്തെ പേരൂർക്കടയിലുള്ള പൊലീസ് ക്ലബിൽ വെച്ചായിരുന്നു അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. തുടർന്ന് ശിവശങ്കർ വീട്ടിലേക്കു മടങ്ങി. ചോദ്യം ചെയ്യുന്നതിനായി നേരത്തെ എൻഐഎ ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ വീട്ടിലെത്തി ഹാജരാകാൻ കത്ത് നൽക്കുകയായിരുന്നു. വളരെ രഹസ്യമായിട്ടായിരുന്നു എൻഐഎയുടെ ഓരോ നീക്കവും നടന്നത്. നേരത്തെ ഒൻപത് മണിക്കൂറോളം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നതാണ്.
വെള്ളിയാഴ്ച സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർ അടക്കമുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കാനിനിരിക്കെ, സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ എൻഐഎ എം ശിവശങ്കറിനെ ചോദ്യം ചെയ്തത് ഏറെ നിർണ്ണായകമാണ്. ശിവശങ്കറിനല്ല വിദേശ ബന്ധങ്ങൾ, പ്രതികളോടൊപ്പം നടത്തിയ വിദേശയാത്രകൾ, വിദേശത്തു വച്ച് നടത്തിയ കൂടിക്കാഴ്ചകൾ, പ്രതികളായ റമീസും ഫൈസലുമായുള്ള ബന്ധം, ഹെദർ ഫ്ലാറ്റ് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് എൻഐഎ മുഖ്യമായും ചോദിച്ചറിഞ്ഞത്. ശിവശങ്കറിനെതിരെ ഒന്നാം പ്രതി സരിത് മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കർ അടുത്ത ബന്ധം പുലർത്തിയിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നതാണ്.
അതേസമയം, സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എൻഐഎ കത്ത് നൽകിയിരുന്നു. സെക്രട്ടേറിയറ്റിന്റെ ഹൗസ് കീപ്പിങ് ചുമതലയുള്ള അഡീഷണൽ സെക്രട്ടറി പി.ഹണിയിൽനിന്നും എൻഐഎ വിവരങ്ങൾ ആരാഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ഇടിമിന്നലിൽ നശിച്ചെന്നാണ് നേരത്തെ സർക്കാർ കസ്റ്റംസിന് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നത്. എന്നാൽ സെക്രട്ടറിയേറ്റിലെ ഒരു വർഷത്തോളമുള്ള സിസി ടിവി ദൃശ്യങ്ങൾ സംഭരിച്ചു വയ്ക്കാനാകുമെന്ന് നേരത്തെ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നതാണ്.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്, സ്വപ്ന, സന്ദീപ് എന്നിവരെ എൻഐഎ തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നതിന് പിറകെ, എൻഐഎ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും നീങ്ങുമെന്ന സൂചനകൾ ഉണ്ടായിരുന്നു.