CrimeKerala NewsNewsPolitics

സംഘര്‍ഷ സാധ്യത: മഹാരാജാസ് കോളേജ് അടച്ചു

കൊച്ചി: വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം കനത്തതോടെ എറണാകുളം മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു. പോലീസ് നിര്‍ദേത്തെ തുടര്‍ന്ന് കോളേജ് കൗണ്‍സില്‍ യോഗമാണ് ക്യാമ്പസ് അടയ്ക്കാന്‍ തീരുമാനിച്ചത്.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയെ കെഎസ് യു പ്രവര്‍ത്തകര്‍ കുത്തികൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തില്‍ 10 കെഎസ് യു പ്രവര്‍ത്തകര്‍ക്കും ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനും പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയേയും കോളേജ് കൗണ്‍സില്‍ നിയോഗിച്ചു.

ഡോ. എ.പി. രമ കണ്‍വീനറും ഡോ. അബ്ദുള്‍ ലത്തീഫ്, വിശ്വമ്മ പി.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാവും പരാതികള്‍ അന്വേഷിക്കുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളേജിലും ലോ കോളേജിലും സെന്റ് തെരേസാസ് കോളേജിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് വന്‍ പോലീസ് സന്നാഹം കോളേജ് പരിസരത്ത് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

Related Articles

Back to top button