സിപിഎമ്മിനെ നാണംകെടുത്തി വീണ്ടും ഒരു ശശി

കൊച്ചി: സിപഎമ്മിനെ നാണംകെടുത്തി വീണ്ടും ഒരു ശശി. പീഡനാരോപണങ്ങളില്‍ സിപിഎമ്മിന്റെ മുഖം നഷ്ടപ്പെടുത്തിയ ശശിമാരുടെ പട്ടികയിലെ അവസാനത്തെ പേരുകാരനാണ് കെ.വി. ശശികുമാര്‍. പി. ശശിയാണ് ആദ്യം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്. 2011ല്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയായിരിക്കെ നീലേശ്വരത്തിലെ പ്രകൃതി ചികിത്സ കേന്ദ്രത്തില്‍ വച്ച് ഡിവൈഎഫ്ഐ ജില്ല നേതാവിന്റെ ഭാര്യയെ കടന്നുപിടിച്ചു എന്നായിരുന്നു ശശിക്കെതിരെ ഉയര്‍ന്ന ആരോപണം.
ആരോപണം സത്യമാണോ എന്നറിയാന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 2016ല്‍ പരാതിക്കാരി ഈ പരാതിയില്‍ നിന്ന് പിന്മാറിയതോടെയാണ ശശി വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്. സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയരുന്നു ശശിക്കെതിരെ ഉയര്‍ന്ന പീഡനാരോപണം.
പാര്‍ട്ടിക്കകത്ത് നിന്നും പുറത്തുനിന്നും ഒരുപോലെ സമ്മര്‍ദം ഉയര്‍ന്നപ്പോഴാണ് മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായിരുന്ന പി. ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മറ്റൊരു ശശി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഷൊര്‍ണൂര്‍ എംഎല്‍എ ആയിരുന്ന ഇപ്പോഴത്തെ കെടിഡിസി ചെയര്മാന് പി.കെ. ശശിയായിരുന്നു അത്. 2018 ഓഗസ്റ്റില്‍ ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗമാണ് പി.കെ. ശശിക്കെതിരെ പീഡനാരോപണവുമായി രംഗത്തെത്തിയത്.
തന്നോട് അപമര്യാദയായി പെരുമാറിയെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നുമൊക്കെയായിരുന്നു ശശിക്കെതിരെ വനിത നേതാവ് പരാതിയായി ഉന്നയിച്ചത്. ഈ പരാതിക്കും പാര്‍ട്ടി അന്വേഷണക്കമ്മീഷനെ നിയോഗിച്ചു. ശശി നടത്തിയത് തീവ്രത കുറഞ്ഞ പീഡനമാണെന്നായിരുന്നു അന്വേഷണക്കമ്മീഷന് കണ്ടെത്തിയത്. തുടര്‍ന്ന് ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. 2021ല്‍ പാര്‍ട്ടി പി.കെ. ശശിക്ക് സീറ്റ് നല്‍കിയതുമില്ല.
എന്നാല്‍ പി.കെ. ശശിയെ പിന്നീട് കെടിഡിസി ചെയര്‍മാനായി നിയമിച്ചു. പിന്നീട് ഇപ്പോഴാണ് മലപ്പുറത്തെ സിപിഎം കൗണ്‍സിലറും മുന്‍ അധ്യാപകനുമായ കെ.വി. ശശികുമാര്‍ അറുപതോളം പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ശശികുമാര്‍ അധ്യാപകവൃത്തിയില്‍ നിന്നും വിരമിച്ചത്. അധ്യാപകജീവിതത്തെ കുറിച്ച് ശശികുമാര്‍ ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റില്‍ കമന്റായാണ് ഒരു പൂര്‍വവിദ്യാര്‍ഥിനി ഇയാളില്‍ നിന്നും നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പറഞ്ഞത്.
തുടര്‍ന്ന് ശശികുമാറില്‍ നിന്നും പീഡനം നേരിട്ട അറുപതോളം പൂര്‍വവിദ്യാര്‍ഥിനികള്‍ പോലീസില്‍ പരാതി നല്കി. തനിക്കെതിരെ പീഡനാരോപണം ഉയര്‍ന്നതോടെ ശശികുമാര്‍ നഗരസഭാംഗത്വം രാജിവച്ചു. പോക്സോ അടക്കമുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ശശികുമാറിനെതിരെ പാര്‍ട്ടി എന്ത് നടപടി സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണ് കേരളം. ലൈംഗിക പീഡന പരാതികള്‍ സിപിഎം നേതാക്കള്‍ക്കെതിരെ പലപ്പോഴും ഉയരാറുണ്ടെങ്കിലും ഒരേ പേരിലുള്ളവര്ക്കെതിരെ പരാതി ഉയരുന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായി സിപിഎം പ്രവര്‍ത്തകര്‍ തന്നെ പറയുന്നുണ്ട്.