മലയാള സിനിമയുടെ കാരണവര്‍ 89ന്റെ നിറവില്‍
MovieEntertainment

മലയാള സിനിമയുടെ കാരണവര്‍ 89ന്റെ നിറവില്‍

മലയാള സിനിമയിലെ കാരണവര്‍ മധുവിന് ഇന്ന് 89ാം പിറന്നാള്‍. നിരാശാകാമുകന്മാര്‍ ഇന്നും എത്തിനില്‍ക്കുന്ന പരീക്കുട്ടി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ കുടിയേറിയതാണ് മധു. രമണനും ദേവദാസുമെല്ലാം സിനിമാസ്വാദകരുടെ ഹൃദയം കവര്‍ന്നതാണെങ്കിലും ഇന്നും പരീക്കുട്ടിയെന്ന കഥാപാത്രം മലയാളികളുടെ മനസില്‍ നേടിയ ഇടം മറ്റൊരു കഥാപാത്രത്തിനും നേടിയെടുക്കാനായിട്ടില്ല.

മലയാള സിനിമയുടെ ചരിത്രങ്ങള്‍ക്കൊപ്പമാണ് മധുവിന്റെ സഞ്ചാരമുണ്ടായിരിക്കുന്നത്. നടനും സംവിധായകനും നിര്‍മാതാവും അധ്യാപകനും കര്‍ഷകനുമൊക്കെയാണ് മധു. 1933 സെപ്റ്റംബര്‍ 23ന് തിരുവനന്തപുരം മേയര്‍ പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടെയും മകനായി ജനിച്ച മാധവന്‍ നായര്‍ വിദ്യാഭ്യാസ കാലത്ത് തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു. നാടകങ്ങളിലൂടെ അരങ്ങത്തെത്തിയ മാധവന്‍ നായര്‍ തന്റെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കി കലാരംഗത്ത് നിന്നും അല്‍പം മാറി നിന്നു.

അലഹാബാദ് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി തിരിച്ചെത്തി നെയ്യാറ്റിന്‍കര എസ്ടി ഹിന്ദു കോളേജിലും സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലും അധ്യാപകനായി. അപ്പോഴും മാധവന്‍ നായര്‍ക്ക് അഭിനയത്തോടുള്ള അഭിനിവേശം അടങ്ങിയിരുന്നില്ല. അധ്യാപക ജോലിക്കിടെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഒരു പരസ്യം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ആ പരസ്യം കണ്ട മാധവന്‍ നായര്‍ അധ്യാപകവൃത്തി ഉപേക്ഷിച്ച് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയും മാധവന്‍ നായരാണ്.

അവിടെ നിന്ന് രാമു കാര്യാട്ടുമായി പരിചയത്തിലായി. എന്‍എസ്ഡിയിലെ പരിശീലനത്തിന് ശേഷം നാടകത്തില്‍ സജീവമാകാനായിരുന്നു മാധവന്‍ നായരുടെ തീരുമാനം. എന്നാല്‍ 1962ല്‍ മൂടുപടം എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് അദ്ദേഹമെത്തി. അതിനൊപ്പം തന്നെ നിണമണിഞ്ഞ കാല്‍പാടുകള്‍ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. സത്യനും പ്രേംനസീറും മലയാളസിനിമയെ കൈയടക്കി വച്ചിരുന്ന കാലത്താണ് മധു സിനിമയിലെത്തുന്നത്.

എന്നാല്‍ അധികം വൈകാതെ തന്നെ തന്റേതായ ഒരിടും മലയാള സിനിമയിലും ആസ്വാദകരുടെ ഹൃദയത്തിലും മധു സൃഷ്ടിച്ചെടുത്തു. പ്രണയാതുരനായ കാമുകനായും ക്ഷുഭിത യൗവനത്തിന്റെ പ്രതിനിധിയായുമൊക്കെ അഭ്രപാളികളെലെത്തിയ മധുവിന് അനുദിനം ആരാധകരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു.

ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗവീനിലയത്തിലെ സാഹിത്യതകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരവും എന്ന സിനിമയിലെ ബാപ്പുട്ടി, നാടന്‍ പ്രേമത്തിലെ ഇക്കോരന്‍, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാംകണ്ണ്… അങ്ങിനെ നീണ്ടുപോകുന്ന നൂറുകണക്കിന് കഥാപാത്രങ്ങളാണ് മലയാളികള്‍ക്ക് മധു സമ്മാനിച്ചിട്ടുള്ളത്. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. 2013ല്‍ രാജ്യം പദ്മശ്രീ നല്‍കി മധുവിനെ ആദരിച്ചു.

Related Articles

Post Your Comments

Back to top button