CinemaKerala NewsLatest News

ഉണ്ണി മുകുന്ദനെയും മല്ലികാ സുകുമാരനെയും ചാക്കിട്ടു പുടിക്കാന്‍ ബിജെപി,പി.ടി ഉഷ ഏതാണ്ട് ചേര്‍ന്ന മട്ടില്‍

രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇടവേള ബാബു അടക്കമുളള ചലച്ചിത്ര താരങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ അണിചേര്‍ന്നിരുന്നു. തൊട്ടുപിന്നാലെയാണ് സാംസ്‌ക്കാരിക രംഗം കേന്ദ്രീകരിച്ച്‌ ബി.ജെ.പിയും നീക്കം സജീവമാക്കിയത്. കൂടുതല്‍ പുതിയ ആളുകളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് ശ്രീശാന്ത്, ഭീമന്‍രഘു, രാജസേനന്‍ തുടങ്ങിയവര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്ത് സ്ഥാനാര്‍ത്ഥികളായത്.

പൊതുസമ്മതരെ രംഗത്തിറക്കി ഇത്തവണ കേരളത്തില്‍ സ്വാധീനമുറപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ പദ്ധതി. എ പ്ലസ് മണ്ഡലങ്ങളില്‍ പൊതുസമ്മതരെ മത്സരിപ്പിക്കുന്ന കാര്യവും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം സിറ്റിംഗ് സീറ്റ് ആയ നേമത്ത് ബി.ജെ.പിയ്‌ക്ക് ഭൂരിപക്ഷമുണ്ട്. അതു കൂടാതെ മഞ്ചേശ്വരം, കാസര്‍കോട്, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനമുണ്ട്. ബി.ജെ.പിയുടെ പ്രധാന വിജയ പ്രതീക്ഷകളും ഇവിടങ്ങളിലാണ്.

മെട്രോമാന്‍ ഇ ശ്രീധരന് പിന്നാലെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് നിന്നും കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ എത്തുമെന്ന് സൂചന. പയ്യോളി എക്‌സ്‌പ്രസ് എന്നറിയപ്പെടുന്ന കായിക മേഖലയിലെ ഇന്ത്യയുടെ ഇതിഹാസ താരം പി.ടി ഉഷയെ ആണ് ബി.ജെ.പി അടുത്തതായി ലക്ഷ്യമിടുന്നതെന്നാണ് വിവരം. കേന്ദ്രനേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇതിനുവേണ്ടി ചുക്കാന്‍ പിടിക്കുന്നത്.

കെ.സുരേന്ദ്രന്റെ വിജയയാത്രയില്‍ വച്ചായിരിക്കും പി.ടി ഉഷയും ബി.ജെ.പിയില്‍ ചേരുകയെന്നാണ് വിവരം. കര്‍ഷക സമര വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടുളള ട്വിറ്റര്‍ ക്യാമ്ബയിനില്‍ പി.ടി ഉഷയും ഉണ്ടായിരുന്നു. അന്നു തന്നെ ഉഷയുടെ ബി.ജെ.പി അനുഭാവത്തെ കുറിച്ചുളള ചര്‍ച്ചകളും തുടങ്ങിയിരുന്നു.

പി.ടി ഉഷയ്‌ക്ക് പുറമെ സിനിമ രംഗത്ത് നിന്നും കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എത്തിക്കാനുളള നീക്കം സജീവമായി തന്നെ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യുവതാരം ഉണ്ണി മുകുന്ദനുമായി സുരേന്ദ്രന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും അദ്ദേഹം ഉണ്ണിമുകുന്ദനോട് ആവശ്യപ്പെട്ടു. എന്നാല്‍ കരാറിലേര്‍പ്പെട്ട ചിത്രങ്ങള്‍ ഉണ്ടെന്നും ഭാവിയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം സുരേന്ദ്രനോട് പറഞ്ഞു.

സിനിമാനടി അനുശ്രീയുമായും ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താത്പര്യമില്ലെന്നായിരുന്നു അനുശ്രീ നേതാക്കളോട് പറഞ്ഞത്. താരത്തിന്റെ ബാലഗോകുലം ബന്ധം ഉള്‍പ്പടെയുളളവ നേരത്തെ വിവാദമായിരുന്നു. സീരിയല്‍ നടി നിഷാ സാരംഗുമായുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

നടി മല്ലികാ സുകുമാരനുമായുളള ചര്‍ച്ച അവസാനഘട്ടത്തിലാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്നുമാണ് ആദ്യഘട്ട ചര്‍ച്ചയില്‍ മല്ലിക സുകുമാരന്‍ പറഞ്ഞത്. ചര്‍ച്ചയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അതിനുശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button