അന്വേഷണ ഏജന്‍സികളെ പ്രധാനമന്ത്രി ദുരുപയോഗം ചെയ്യുന്നതായി വിശ്വസിക്കുന്നില്ലെന്ന് മമത ബാനര്‍ജി
NewsNationalPolitics

അന്വേഷണ ഏജന്‍സികളെ പ്രധാനമന്ത്രി ദുരുപയോഗം ചെയ്യുന്നതായി വിശ്വസിക്കുന്നില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കേന്ദ്രഏജന്‍സികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്നു എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ രൂക്ഷമായ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിനെതിരെ മമത ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ കേന്ദ്രഏജന്‍സികളുടെ സംസ്ഥാനത്തെ ഇടപെടലുകള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് സംസാരിക്കവേയാണ് മമത ഇക്കാര്യം പറഞ്ഞത്. കേന്ദ്ര ഏജന്‍സികളുടെ ഇടപെടലില്‍ ചില ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്നും മമത പറഞ്ഞു. സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഈ നേതാക്കളാണ് അവരുടെ താത്പര്യങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കുന്നത്. അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ ബിജെപിയുടെ താത്പര്യങ്ങള്‍ കടന്നുവരുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടലും മമത അഭ്യര്‍ഥിച്ചു.

പ്രധാമന്ത്രിയെ പുകഴ്ത്തിയും മറ്റ് നേതാക്കളെ വിമര്‍ശിച്ചും മമത രംഗത്തെത്തിയത് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കാനാണെന്ന വിമര്‍ശനവുമായി ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. അതേസമയം പ്രമേയത്തെ എതിര്‍ത്ത് പ്രതിപക്ഷമായ ബിജെപി, സിബിഐയ്ക്കും ഇഡിക്കും എതിരായ ഇത്തരമൊരു പ്രമേയം നിയമസഭയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടു. 69നെതിരെ 189 വോട്ടിന് പ്രമേയം നിയമസഭ പാസാക്കി. മമത ബാനര്‍ജിയുടെ നിയമസഭയിലെ പ്രസ്താവന തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളി പുറത്തുകൊണ്ടുവന്നെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും അഭിപ്രായപ്പെട്ടു.

Related Articles

Post Your Comments

Back to top button