
തിരുവനന്തപുരം: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പുതിയ നിര്‍ദേശവുമായി മാനേജ്മെന്റ്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ഇതുവരെ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. ഹൈക്കോടതി വിധി പ്രകാരം അടുത്തമാസം മുതല്‍ എല്ലാ മാസവും അഞ്ചിന് മുന്‍പായി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണം. അതിനുള്ള വരുമാനം കെഎസ്ആര്‍ടിസിക്ക് ഇല്ലതാനും.
സര്‍ക്കാര്‍ സഹായവും ഓവര്‍ ഡ്രാഫ്റ്റുമെല്ലാമാണ് ശമ്പളം നല്കാന് ഇപ്പോഴുള്ള പിടിവള്ളി. എന്നാല്‍ പൊതുമേഖല ബാങ്കുകളടക്കം കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്കാന് മടിച്ചുനില്‍ക്കുകയാണ്. അതിനിടെയാണ് സ്ഥിരനിയമനങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദേശവുമായി മാനേജ്മെന്റ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ 5098 സ്ഥിരനിയമനങ്ങള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മാനേജ്മെന്റ് നിര്‍ദേശിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം വിരമിക്കുന്ന ജീവനക്കാര്‍ക്ക് പകരം പുതിയ നിയമനം ഉണ്ടാകില്ല. കെ സ്വിഫ്റ്റ് കമ്പനിക്ക് കൂടുതല്‍ ബസുകള്‍ നല്കി കരാര്‍ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തും. കെഎസ്ആര്‍ടിസിക്ക് ഫലത്തില്‍ പുതിയ നിയമനമോ ബസുകളോ ഉണ്ടാകില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 7992 തസ്തികകള്‍ വെട്ടിക്കുറച്ചു. ഡ്യൂട്ടി പരിഷ്കരിച്ച് ജീവനക്കാരെ കുറയ്ക്കാമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍.
നിലവില്‍ 3776 ബസുകള്‍ ഓടിക്കാന്‍ 26036 ജീവനക്കാരാണുള്ളത്. സിംഗിള്‍ ഡ്യൂട്ടി പ്രാവര്‍ത്തികമായാല്‍ 20938 ജീവനക്കാരെക്കൊണ്ട് 4250 ബസുകള്‍ ഓടിക്കാന്‍ സാധിക്കും. കഴിഞ്ഞ മെയ് വരെയുള്ള കണക്ക് പ്രകാരം 9552 ഡ്രൈവര്‍മാരും 9030 കണ്ടക്ടര്‍മാരും ഉണ്ട്. എന്നാല്‍ പുതിയ സംവിധാനം അനുസരിച്ച് 7650 വീതം ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മതിയാകും. എന്നാല്‍ ജീവനക്കാര്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിന് എതിരാണ്.
Post Your Comments