മംഗളൂരു സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍
NewsNational

മംഗളൂരു സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍

മംഗളൂരു: കഴിഞ്ഞ ശനിയാഴ്ച മംഗളൂരു നഗരത്തെ നടുക്കിയ സ്‌ഫോടനത്തിന്റെ ഉത്തരാവദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍. നാഗൂരില്‍ വച്ചാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ സ്‌ഫോടനം നടന്നത്. കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് കത്ത് ലഭിച്ചതായി പോലീസ് അറിയിച്ചു. ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ എന്ന സംഘടനയെക്കുറിച്ച് മുമ്പ് അറിവില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അലോക് കുമാറിനെതിരെ കത്തില്‍ ഭീഷണിയുമുണ്ട്. ഈ കത്ത് എവിടെ നിന്നാണ് വന്നതെന്ന് പോലീസിന് വ്യക്തമായിട്ടില്ല. സംഘടനയുടെ പേര് ആദ്യം കേള്‍ക്കുകയാണെന്നും കത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇംഗ്ലിഷിലുള്ള കത്തില്‍ ഷരീഖിന്റെ ചിത്രം പതിച്ചിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുകയും അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിനെതിരായ തിരിച്ചടിയാണ് ഉദ്ദേശിക്കുന്നത് എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മംഗളൂരുവില്‍ സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പായി കേസിലെ മുഖ്യപ്രതി ഷാരിഖും രണ്ട് സുഹൃത്തുക്കളും ശിവമോഗയിലെ നദീതീരത്ത് പരീക്ഷണ സ്‌ഫോടനം നടത്തിയിരുന്നതായി കര്‍ണാടക പോലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകിട്ട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഡ്രൈവര്‍ പുരുഷോത്തയ്ക്കും ഷാരിഖിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ കോയമ്പത്തൂരില്‍ ഷാരിഖിന് സിം കാര്‍ഡ് എടുത്തുനല്‍കിയ ഊട്ടിയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തശേഷം സുരേന്ദ്രനെ വിട്ടയച്ചു.

Related Articles

Post Your Comments

Back to top button