Kerala NewsLatest NewsNewsPolitics

മാണി സി. കാപ്പന്‍ കോണ്‍ഗ്രസിന് പാരയാവുന്നു

കോട്ടയം: കുട്ടനാട് സീറ്റിന്റെ പേരില്‍ എന്‍സിപിയില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും വിട്ടൊഴിഞ്ഞ് യുഡിഎഫിലേക്ക് ചേക്കേറിയ മാണി സി. കാപ്പന്‍ കോണ്‍ഗ്രസിന് പാരയാവുന്നു. ജോസ് കെ. മാണി യുഡിഎഫ് വിട്ടതോടെ പാലാ നിയമസഭ മണ്ഡലം നിലനിര്‍ത്താനായി മാണി സി. കാപ്പനെ യുഡിഎഫ് കളത്തിലിറക്കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ ആവേശത്തോടെ സ്വീകരിച്ച മാണി സി. കാപ്പന്‍ പാലായില്‍ നിന്ന് ജോസ് കെ. മാണിയെ തറപറ്റിച്ച് നിയമസഭയിലെത്തുകയും ചെയ്തു. എന്നാല്‍ മാണി സി. കാപ്പന്‍ ജയിച്ചതോടെ കോണ്‍ഗ്രസുകാരെ തീര്‍ത്തും അവഗണിക്കുകയാണെന്ന പരാതി വ്യാപകമായി. തങ്ങളോട് മാണി സി. കാപ്പന്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം നേതാക്കളടക്കം വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുഡിഎഫ് വിടാനൊരുങ്ങുകയാണ്. ഇവരെ സ്വീകരിക്കാന്‍ തയ്യാറായി ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് രംഗത്തുണ്ട്.

കാപ്പന്റെ തുടര്‍ച്ചയായ അവഗണന കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കോണ്‍ഗ്രസ് വിട്ടുവരുന്നവരെ സ്വീകരിക്കാനുള്ള എല്ലാ തയാറെടുപ്പുകളും കേരള കോണ്‍ഗ്രസ് (എം) നടത്തിക്കഴിഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എംപി, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ജയരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണയോഗം നടക്കുന്നത്.

പാലാ നിയോജകമണ്ഡലം ഈ തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ യുഡിഎഫിനായെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നതോടെ അതും നഷ്ടപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്. വിജയിച്ചുകഴിഞ്ഞതോടെ പാലാ മണ്ഡലത്തെ തിരിഞ്ഞുനോക്കാന്‍ മാണി സി. കാപ്പന്‍ തയാറാവുന്നില്ലെന്ന് മണ്ഡലത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപവും ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button