മാറാട് കൂട്ടക്കൊല: രണ്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിലെ രണ്ടു പ്രതികള്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. 95ാം പ്രതി മുഹമ്മദ് കോയ, 148ാം പ്രതി നിസാമുദീന്‍ എന്നിവരെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. സംഭവശേഷം ഒളിവില്‍ പോയ ഇവര്‍ പിന്നീട് പിടിയിലാകുകയായിരുന്നു.
സ്ഫോടക വസ്തു കൈവശം വച്ചതിനും മതസ്പര്‍ധ വളര്‍ത്തിയതിനുമാണ് മുഹമ്മദ് കോയക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും വിധിച്ചത്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരായ കുറ്റങ്ങള്‍. നിസാമുദീന്‍ ഇരട്ട ജീവപര്യന്തം തടവിനു പുറമേ 56,000 രൂപ പിഴ ഒടുക്കണം.
2003 മേയ് രണ്ടിനായിരുന്നു ഒന്‍പത് പേര്‍ മരിച്ച മാറാട് കലാപം. 2011 ജനുവരി 23ന് സൗത്ത് ബീച്ചില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് കോയ പിടിയിലാവുന്നത്. വിചാരണസമയത്ത് ഹൈദരാബാദിലേക്കുകടന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി ഒളിവില്‍പ്പോയി. 2010 ഒക്ടോബര്‍ 15നാണ് നിസാമുദീന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് പിടിയിലാവുന്നത്. കേസില്‍ 148 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണ നേരിട്ട 139 പ്രതികളില്‍ 63 പേരെ കോടതി ശിക്ഷിച്ചിരുന്നു.
2003ല്‍ ഉണ്ടായ കലാപത്തെ തുടര്‍ന്ന് മരിച്ചവരില്‍ എട്ടു പേര്‍ ഹിന്ദുക്കളായിരുന്നു. കലാപ സമയത്ത് മാറാട്ടെ ഒരു പള്ളിയില്‍നിന്നും പോലീസ് ആയുധങ്ങള്‍ കണ്ടെടുത്തു. ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷന്‍ അന്വേഷണത്തില്‍ കൂട്ടക്കൊലക്ക് പിന്നില്‍ മുസ്ലീം ലീഗ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും കൂട്ടക്കൊലക്ക് വിദേശ ഫണ്ട് ലഭിച്ചു എന്നും റിപ്പോര്‍ട്ട് നല്‍കി.
അന്വേഷണം സിബിഐക്ക് വിട്ട് 2016 നവംബര്‍ 10ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. കൊളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് ഉത്തരവ്. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ അടക്കമുള്ളവരെ പ്രതികളാക്കി 2017 ജനുവരി 19ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.