മസൂദ് അസ്ഹര്‍ അഫ്ഗാനിലില്ലെന്ന് താലിബാന്‍: കുരുക്കിലായി പാക്കിസ്ഥാന്‍
NewsWorld

മസൂദ് അസ്ഹര്‍ അഫ്ഗാനിലില്ലെന്ന് താലിബാന്‍: കുരുക്കിലായി പാക്കിസ്ഥാന്‍

കാബൂള്‍: ഭീകരരെ വേട്ടയാടാനുള്ള പണി അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിന്റെ തലയില്‍വച്ചുകെട്ടാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിന് വന്‍ തിരിച്ചടി. പാരീസ് ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ഭീകരര്‍ക്കെതിരെ പാക്കിസ്ഥാനോട് നടപടിയാവശ്യപ്പെട്ടപ്പോള്‍ അത് അഫ്ഗാന്റെ തലയില്‍ വച്ച് തടിയൂരാനാണ് പാക്കിസ്ഥാന്‍ ശ്രമിച്ചത്.

ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ അഫ്ഗാനിസ്ഥാനിലാണെന്നായിരുന്നു പാക്കിസ്ഥാന്‍ പറഞ്ഞിരുന്നത്. അഫ്ഗാനിലെ നംഗാര്‍ഹര്‍ അല്ലെങ്കില്‍ കാന്തഹാര്‍ എന്നിവിടങ്ങളിലെവിടെയോ മസൂദ് അസ്ഹര്‍ ഒളിച്ചിരിപ്പുണ്ടെന്നും അയാളെ പിടികൂടാന്‍ സഹായം വേണമെന്നും ആവശ്യപ്പെട്ട് പാക് വിദേശകാര്യ മന്ത്രാലയം അഫ്ഗാന്‍ സര്‍ക്കാരിന് കത്തയച്ചു. എന്നാല്‍ മസൂദ് അസ്ഹര്‍ അഫ്ഗാനിസ്ഥാനില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് താലിബാന്‍.

ജെയ്‌ഷെ മുഹമ്മദ് പാക് ഭീകര സംഘടനയാണെന്നും മസൂദ് അസ്ഹറിനെ ഒളിപ്പിച്ചിരിക്കുന്നത് പാക്കിസ്ഥാന്‍ തന്നെയാണെന്നുമാണ് താലിബാന്റെ വാദം. ഇത് പാക്കിസ്ഥാന് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ തന്നെ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിലുള്ള പാക്കിസ്ഥാന്‍ ആഗോള ഭീകരര്‍ക്ക് താവളമൊരുക്കിയാല്‍ ബ്ലാക്ക് ലിസ്റ്റിലേക്ക് മാറാന്‍ അധികം താമസമുണ്ടാവില്ല.

ഇതോടെ പാക്കിസ്ഥാന് ലഭിക്കേണ്ട എല്ലാ സാമ്പത്തിക സഹായങ്ങളും നിലയ്ക്കുകയും ചെയ്യും. സാമ്പത്തികമായി ആകെ തകര്‍ന്നിരിക്കുന്ന പാക്കിസ്ഥാന് കൂനിന്മേല്‍ കുരുപോലെ വന്നുപെട്ട പ്രളയം കനത്ത നാശനഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. ഇനി ആഗോള സഹായമില്ലാതെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയില്ലെന്ന ബോധ്യത്തിലാണ് ഭീകരവേട്ടയ്ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങിയത്.

എന്നാല്‍ തങ്ങള്‍ക്കെതിരെ ഭീകരരെ അയച്ച് ആക്രമണം നടത്തുന്ന പാക്കിസ്ഥാനെ അപ്പാടെ തള്ളി താലിബാന്‍ സര്‍ക്കാര്‍ രംഗത്തെത്തിയത് ആകസ്മികമാണ്. മസൂദ് അസ്ഹറിനെ സംരക്ഷിച്ചുകൊണ്ടുതന്നെ വേട്ടയാടാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്ന് ആഗോള സമൂഹത്തിനെ ബോധ്യപ്പെടുത്താന്‍ പാക്കിസ്ഥാന്‍ നടത്തിയ നീക്കം തുടക്കത്തില്‍ തന്നെ പൊളിഞ്ഞിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button