മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതി: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
NewsKeralaPoliticsLocal News

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതി: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അടക്കം മൂന്ന് പേരെയാണ് മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് പേര്‍ക്കും ഓരോ ലക്ഷം രൂപ സ്റ്റേഷന്‍ ജാമ്യ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിട്ടയച്ചു. അബ്ദുള്‍ റഹ്‌മാന്‍ കല്ലായിക്കൊപ്പം കോണ്‍ഗ്രസ് നേതാവായ എം.സി. കുഞ്ഞമ്മദ്, യു. മഹ്‌റൂഫ് എന്നിവരെയാണ് മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ ഒന്‍പത് മണി മുതല്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. മട്ടന്നൂര്‍ ടൗണ്‍ ജുമാ മസ്ജിദിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായിയെന്ന പരാതിയിലാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ മട്ടന്നൂര്‍ പോലീസ് കേസെടുത്തത്. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണ പ്രവൃത്തിയില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായും പരാതിയില്‍ പറയുന്നു. 2011 മുതല്‍ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവര്‍ക്ക് നേരെയാണ് പരാതി. മൂന്ന് കോടി ചെലവായ നിര്‍മ്മാണത്തിന് പത്ത് കോടി രൂപയോളമാണ് നിര്‍മാണ കണക്കില്‍ കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു.

കണക്കില്‍ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഒന്നുമില്ല. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതിലും വെട്ടിപ്പ് നടന്നതായും ആരോപണമുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്ന പ്രതികള്‍ മൂന്നുപേരും മട്ടന്നൂര്‍ സിഐ എം. കൃഷ്ണന് മുമ്പാകെയാണ് രാവിലെ ഹാജരാവുകയായിരുന്നു. ജമാഅത്ത് കമ്മറ്റി ജനറല്‍ ബോഡി അംഗം മട്ടന്നൂര്‍ നിടുവോട്ടുംകുന്നിലെ എം.പി. ശമീറാണ് പരാതിക്കാരന്‍. എന്നാല്‍ ആരോപണം കെട്ടിച്ചമച്ചതാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നുമാണ് അറസ്റ്റിലായ അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അടക്കമുള്ളവര്‍ പറയുന്നത്. കണക്കുകള്‍ കമ്മറ്റിക്ക് മുന്നില്‍ നേരത്തെ തന്നെ ഹാജരാക്കിയതാണെന്നും ഇപ്പോഴത്തെ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്നും പ്രതികള്‍ പറയുന്നു. അതേസമയം രേഖകളുമായി നാളെ രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ വീണ്ടും ഹാജരാകാന്‍ പ്രതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Post Your Comments

Back to top button