CrimeDeathKerala NewsLatest NewsLaw,Local NewsNews

മത്തായിയുടെ കസ്റ്റഡി മരണം സി.ബി.ഐക്ക് വിട്ടു.

പത്തനംതിട്ട ചിറ്റാറില്‍ മത്തായി വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവായി. മത്തായിയുടെ ഭാര്യ ഷീബ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ് ഉണ്ടായത്. മത്തായിയുടെ മരണം അടിയന്തരമായി സി.ബി.ഐക്ക് കൈമാറാനാണ് ഹൈക്കോടതി നിർദേശിച്ചത്. അന്വേഷണം സി.ബി.ഐക്ക് കൈമാറാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം എന്തുകൊണ്ടാണ് മത്തായിയുടെ മൃതദേഹം മറവ് ചെയ്യാത്തതെന്ന് കോടതി ഹരജിക്കാരോട് ചോദിച്ചു. നിങ്ങളുടെ കുട്ടികളടക്കം അടക്കം ഇത് കാണുന്നതല്ലേ എന്നു ചോദിച്ച കോടതി മൃതദേഹം സംസ്‌ക്കരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് മത്തായിയുടെ ഭാര്യയോട് ആവശ്യപ്പെടുകയുണ്ടായി. ആരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ആരെയും പ്രതിചേര്‍ത്തിട്ടില്ലെന്നും നിരവധിപേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
മത്തായിയുടെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഫയല്‍, കേസ് ഇന്ന് പരിഗണിക്കാനിടയുള്ള സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ഒപ്പുവെക്കുകയുണ്ടായി. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത മത്തായിയെ അടുത്ത ദിവസം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെട്ട മത്തായി കിണറ്റില്‍ ചാടിയതാണെന്നാണ് വനംവകുപ്പ് ഇത് സംബന്ധിച്ച് ഉന്നയിക്കുന്ന വാദം.
പ്രതികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നു പറഞ്ഞ മത്തായിയുടെ കുടുംബം അദ്ദേഹത്തിന്റെ മൃതദേഹം 25 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച്‌ വരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button