സൂര്യതേജസ്സ് മങ്ങിയിട്ട് 32 വര്‍ഷം
NewsPoliticsNational

സൂര്യതേജസ്സ് മങ്ങിയിട്ട് 32 വര്‍ഷം

ജനങ്ങളുടെ ഇടയിലേക്ക് ജനങ്ങളായി ഇറങ്ങി ചെന്നിരുന്ന നേതാവ്.. ഏതൊരു ഇന്ത്യന്‍ പൗരന്റെയും ഇടനെഞ്ചില്‍ കുടിയിരിക്കുന്ന മികച്ച ഒരേഒരു നേതാവ് കൂടിയാണ് രാജീവ് ഗാന്ധി.. പ്രധാനമന്ത്രി ആയിരുന്ന കാലത്തോളം ജനനന്മക്കായി പ്രവര്‍ത്തിച്ച വിപ്ലവ പോരാളി.. നേതാവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 32-ാം ആണ്ട്. മെയ് 21 രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം. 1991 മെയ് 21നാണ് ലോകത്തെ ഞെട്ടിച്ച ആ സംഭവം നടന്നത്. ജികെ മൂപ്പനാരുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വിശാഖപട്ടണത്തു നിന്ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പുദൂരില്‍ എത്തിയതായിരുന്നു രാജീവ് ഗാന്ധി.

ഒരു അംബാസഡര്‍ കാറില്‍ വിവിധ സ്വീകരണസ്ഥലങ്ങളില്‍ ഇറങ്ങിക്കയറിയാണ് രാജീവ് ശ്രീപെരുമ്പുദൂരിലെ പ്രധാന വേദിയിലേക്ക് സഞ്ചരിച്ചത്. ശ്രീപെരുമ്പുദൂരില്‍ എത്തിയപ്പോള്‍ വേദിക്ക് കുറച്ചകലെയായി കാര്‍ നിറുത്തി രാജീവ് നടക്കാന്‍ തുടങ്ങി. അണികള്‍ പുഷ്പവൃഷ്ടികളോടെ അദ്ദേഹത്തെ ആനയിച്ചു. ഈ സന്ദര്‍ഭത്തിലാണ് ഭീകരസംഘടനയായ എല്‍ടിടിഇ പ്രവര്‍ത്തക കലൈവാണി രാജരത്നം എന്ന ധനു രാജീവിനരികിലെത്തിയത്. രാജീവിന്റെ കാലില്‍ തൊട്ടനുഗ്രഹം വാങ്ങാനെന്ന വ്യാജേന കുനിഞ്ഞ ധനു ബെല്‍റ്റ്ബോംബ് പൊട്ടിച്ചു. രാജീവ് ഗാന്ധിയും കൊലയാളിയും മറ്റ് 14 പേരും ഈ സ്ഫോടനത്തില്‍ കൊല ചെയ്യപ്പെട്ടു. ഭീകരവാദം എത്രമാത്രം അപകടകരമാണെന്ന് നേരിലറിഞ്ഞ നാളുകളായിരുന്നു അത്. രാജ്യം അക്ഷരാര്‍ത്ഥത്തില്‍ നിശ്ശബ്ദമായി.

രാജീവ് രത്‌ന ഗാന്ധി എന്നാണ് മുഴുവന്‍ പേര്… ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി (1984-1989). ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകന്‍. നാല്പതാമത്തെ വയസ്സില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു. 46-ാം വയസില്‍ ഭീകരതയുടെ തീ നാളം അദ്ദേഹത്തെ മരണത്തിനു വിട്ടുകൊടുത്തു. ജനക്ഷേമത്തിനായി പ്രവര്‍ത്തിച്ച നേതാവ്. ഭീകരവാദത്തിന്റെ ഇരയായി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന അമ്മയുടെ മകനും അതേ വിധി വന്നത് രാജ്യത്തെ വേദനിപ്പിച്ചു.

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണ് മെയ് 21. ഈ ദിവസം ഭീകരതാ വിരുദ്ധ ദിനമായി രാജ്യം ആചരിക്കുന്നു. പില്‍ക്കാലത്ത് ഭീകരവാദം വളരെയേറെ ശക്തമായിത്തീര്‍ന്നു. വലിയ തോതിലുള്ള ഫണ്ട് സംഘടിപ്പിക്കാന്‍ ഭീകരവാദികള്‍ക്കായി. ഭീകരതയെ എതിര്‍ക്കുന്ന രാജ്യങ്ങളെന്ന് നടിക്കുന്നവര്‍ തന്നെയും ഭീകരതയ്ക്ക് ഫണ്ട് ചെയ്യുന്ന രാഷ്ട്രീയ സ്ഥിതി വന്നു. ഭീകരതയ്ക്കെതിരെ നിലപാടെടുത്തതിന്റെ പേരില്‍ ജീവന്‍ വെടിഞ്ഞ രാജീവ് ഗാന്ധിയുടെ ഓര്‍മ്മകള്‍ക്ക് എന്നത്തെക്കാളും പ്രസക്തി വര്‍ദ്ധിക്കുകയാണിന്ന്. എല്ലാത്തരം ഭീകരവാദത്തെയും എതിര്‍ക്കുവാനും, ലോകസമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാനും ഈ ദിനം രാജ്യത്തെ ഓര്‍മ്മിപ്പിക്കുന്നു.

രാജ്യത്തെ എല്ലാത്തരം ഭീകരവാദത്തോടും പോരാടുകയെന്ന സന്ദേശമാണ് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം നമുക്ക് പകരുന്നത്. സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഒരു ലോകത്തെ കെട്ടിപ്പടുക്കാന്‍ ഈ ദിനത്തിന്റെ ഓര്‍മ്മ ഓരോ ഭാരതീയനെയും സഹായിക്കേണ്ടതാണ്. മുന്‍കാലങ്ങളില്‍ വളരെ ഗൗരവപൂര്‍വ്വം ആചരിച്ചുവന്ന ദിനമാണ് ദേശീയ ഭീകരതാ വിരുദ്ധ ദിനം. കുറച്ചുവര്‍ഷങ്ങളായി ഈ ദിനത്തിന് കാര്യമായ പ്രാധാന്യം ലഭിക്കുന്നില്ലായെന്നത് ജാഗ്രതയോടെ കാണേണ്ട കാര്യമാണ്.

Related Articles

Post Your Comments

Back to top button